കൊറിയൻ ഭാഷയോടും സംഗീതത്തോടും ആദിത്യക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. അവിടെ പോയി ജോലി ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. ഈ താൽപ്പര്യം മനസ്സിലാക്കിയ ആരോ വ്യാജ ഐഡന്റിറ്റിയിലൂടെ അവളെ ചതിച്ചതാകാനാണ് സാധ്യത. "വിശ്വാസവഞ്ചന അവൾക്ക് സഹിക്കാനാവില്ല. താൻ പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്," മഹേഷ് പറഞ്ഞു.
'ബ്ലാക്ക് വെനം' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ചും പിതാവ് സംശയം പ്രകടിപ്പിച്ചു. ആദിത്യ മരിച്ചതിന് പിന്നാലെ ഈ അക്കൗണ്ട് പിന്തുടർന്നിരുന്ന പലരും കൂട്ടത്തോടെ അൺഫോളോ ചെയ്തത് ദുരൂഹമാണ്. ആദിത്യയുടെ സുഹൃത്തുക്കൾ തന്നെയാകാം ഈ അക്കൗണ്ടിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.
advertisement
കൊറിയയിലെ ഒരു സംഗീതജ്ഞനായ സുഹൃത്ത് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് ആദിത്യയുടെ കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തരം ഒരു സുഹൃത്ത് യഥാർത്ഥത്തിൽ ഉണ്ടോ അതോ ആരെങ്കിലും വ്യാജമായി നിർമ്മിച്ചതാണോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസ് വിദ്യാർഥിനിയായ ആദിത്യയെ സ്കൂളിലേക്ക് പോയതിന് പിന്നാലെ കാണാതാവുകയായിരുന്നു. പിന്നീട് വീടിനടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ആദിത്യയുടെ ഫോൺ രേഖകളും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
