സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമ്പോൾ, വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ നൽകിയ സംഭാവനകൾ കൂടെ പരിഗണിക്കും എന്ന ഉറപ്പു 2003 ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഡൽഹിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ ഉറപ്പു തന്നിരുന്നു. ഇതിനു വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ടെർമിനൽ നിർമാണത്തിന് 23.57 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നേരത്തെ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ മൂല്യം എസ്‌പിവി രൂപീകരിക്കുമ്പോൾ കേരളത്തിന്റെ ഓഹരി മൂലധനമായി പ്രതിഫലിപ്പിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് ഇത് ചെയ്തിരുന്നത്. നീതി ആയോഗ് 2018 ഡിസംബർ 4 ന് വിളിച്ചുചേർത്ത എംപവർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേരള സർക്കാർ പ്രതിനിധികൾ സൗജന്യമായി കൈമാറ്റം ചെയ്ത ഭൂമി ഏറ്റെടുക്കുന്നതിന് ചെലവഴിച്ച പൊതു ഫണ്ടിന്റെ വ്യാപ്തി വിശദമായി തന്നെ ബോധ്യപ്പെടുത്തിയിരുന്നു.
advertisement
കൊച്ചിയിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാന സർക്കാർ ഈ മേഖലയിൽ തങ്ങൾക്കുള്ള വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനുള്ള പ്രവൃത്തി പരിചയം സ്യകാര്യ ബിഡ്ഡറിനില്ല. പിപിപി മോഡിൽ പ്രവർത്തിപ്പിക്കാനുള്ള പ്രൊപ്പോസലിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണം എന്നും, അല്ലെങ്കിൽ, ഹയസ്റ്റ് ബിഡ്ഡറിന്റെ ലേലത്തുകയെ മാച്ച് ചെയ്യുന്നതിനുള്ള റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ സംസ്ഥാന സർക്കാരിന്റെഎസ് പി വിക്ക് നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഇവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും പ്രവർത്തനവും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര...Posted by Pinarayi Vijayan on Wednesday, 19 August 2020
10 ജൂൺ 2020 നയച്ച കത്തിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ് പി വിയെ ഏൽപ്പിക്കണമെന്ന് ആവശ്യം ആവർത്തിച്ചുന്നയിച്ചതാണ്. അതും പരിഗണിച്ചിട്ടില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയിൽ ഒരു കേസ് നിലനിൽക്കെയാണ് കേന്ദ്രം ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.