വിഷയത്തിൽ ഗവർണറെ വിടാതെ വിമർശിക്കുമ്പോഴും ബി ജെ പിയെക്കൂടി നേരിടുകയാണ് പ്രതിപക്ഷ നേതാവ്. വി ഡി സതീശനും കെ സുരേന്ദ്രനും ഈ വിഷയത്തിൽ നേരിട്ട് കൊമ്പു കോർത്തു കഴിഞ്ഞു. കെ.സുരേന്ദ്രൻ വാ പോയ കോടാലിയാണെന്ന് സതീശൻ പറഞ്ഞു. ബിജെപിയുടെ മെഗാഫോൺ ആകാൻ പ്രതിപക്ഷ നിരയെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. അവരുടെ ആശയങ്ങൾ അല്ല പ്രതിപക്ഷ നേതാക്കൾ സംസാരിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
advertisement
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടന്നാക്രമിച്ചു കൊണ്ടാണ് കെ സുരേന്ദ്രൻ ഇതിന് മറുപടി നൽകിയത്. നിർഗുണ പ്രതിപക്ഷ നേതാവാണ് സതീശൻ. പിണറായി പറയുന്നത് ഏറ്റു പറയുകയാണ് സതീശൻ ചെയ്യുന്നത്. മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നു. പിണറായിയെ നിഴൽ പോലെ പിന്തുടരുന്നയാളാണ് സതീശൻ, സഅതു കൊണ്ടാണ് സർവകലാശാല വിവാദത്തിൽ പിണറായിയെ പിന്തുണച്ചും ഗവർണറെ എതിർത്തും പറയുന്നത്. പിണറായി മന്ത്രി സഭയിലെ അംഗത്തെ പോലെയാണ് സതീശൻ സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം വിഷയത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രന് പിന്തുണയുമായെത്തി. ഡി. ലിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു പറഞ്ഞ മുരളീധരൻ സതീശനെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വേണ്ടി വാദിക്കുന്ന വക്കീലായി മാറിയെന്നും മുഖ്യമന്ത്രി പാലും പഴവും കൊടുക്കുന്ന തത്തയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവ് എന്തിനാണ് മുഖ്യമന്ത്രിയെ ഭയക്കുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.
വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ ബി ജെ പി കടന്നാക്രമിക്കുമ്പോഴും കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളും മൂപ്പിളമാ തർക്കവും രൂപപ്പെട്ടു കഴിഞ്ഞു. താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാടെന്നു വ്യക്തമാക്കിയ സതീശൻ ഈ വിഷയത്തിലുള്ള രമേശ് ചെന്നിത്തലയുടെ നിലപാടുകളെ തള്ളി. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സതീശൻ പറഞ്ഞു.