Governor Arif Mohammad Khan| 'ഡി - ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നുവർ ആദ്യം ഭരണഘടന വായിക്കണം; നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല': ഗവർണർ
- Published by:Rajesh V
- news18-malayalam
Last Updated:
''ഭരണഘടനയുടെ ഭാഗമാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണറും. അതിനെ മാനിക്കുവാൻ വിവാദം ഉണ്ടാക്കുന്നവർ തയ്യാറാവണം. ഭരണഘടനയുടെ അനുഛേദ്ദം (51) എ എന്താണെന്ന് വായിച്ച് പഠിക്കണം. ബാഹ്യസമ്മർദ്ദങ്ങൾക്ക് സർവകാലാശകൾ കീഴടങ്ങുവാൻ പാടില്ല''
കൊച്ചി: രാഷ്ട്രപതിക്ക് ഡി-ലിറ്റ് ബിരുദം നൽകാൻ ഗവർണർ താത്പര്യപ്പെടുകയും കേരള സർവകലാശാല അതിന് വിസമ്മതിക്കുകയും ചെയ്തുവെന്ന വാർത്ത വിവാദമായതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan) പ്രതികരണവുമായി രംഗത്ത് വന്നത്. ഡി - ലിറ്റ് (D-Litt) വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നുവർ ആദ്യം ഭരണഘടന വായിക്കുവാൻ തയാറാകണമെന്ന് ഗവർണർ വ്യക്തമാക്കി. അനാവശ്യ വിവാദം ഉണ്ടാകുകയല്ല വേണ്ടത്. നിരുത്തര വാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല, ഭരണഘടനയുടെ ഭാഗമാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണറും. അതിനെ മാനിക്കുവാൻ വിവാദം ഉണ്ടാക്കുന്നവർ തയ്യാറാവണം. ഭരണഘടനയുടെ അനുഛേദ്ദം (51) എ എന്താണെന്ന് വായിച്ച് പഠിക്കണം. ബാഹ്യസമ്മർദ്ദങ്ങൾക്ക് സർവകാലാശകൾ കീഴടങ്ങുവാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രണ്ട് ദിവസത്തെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ എത്തിയത്. ഇന്നലെ കൊച്ചിയിൽ എത്തിയെങ്കിലും അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ച ഗവർണർ രാവിലെ ഉപരാഷ്ട്രപതിയുടെ പരിപാടിയിൽ പങ്കെടുക്കുവാൻ പുറപ്പെടുമ്പോഴാണ് മാധ്യമ പ്രവർത്തകരെ കണ്ട് വാഹനത്തിന് പുറത്തിറങ്ങിയത്. തുടർന്ന് നടുറോഡിൽ നിന്നാണ് ഡി-ലിറ്റ് വിഷയത്തിലുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമ പ്രവർത്തകരെ ഗസ്റ്റ് ഹൗസിലേക്ക് പ്രവേശിപ്പിക്കാത്തതിലുള്ള അമർഷവും ഗവർണർ പൊലീസിനെ അറിയിച്ച ശേഷമാണ് മടങ്ങിയത്.
advertisement
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന് കേരള സർവകലാശാല ഓണററി ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കണമെന്ന് ചാൻസലറായ ഗവർണർ താത്പര്യപ്പെട്ടത്. വിസിയെ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചതെന്നും സ്ഥിരീകരണമുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തിടപാടുകൾ നടന്നതായി സൂചനയില്ല. ഇതിനിടെ, രാഷ്ട്രപതിയെ ക്ഷണിച്ച് അപമാനിച്ചെന്ന പ്രചാരണമുണ്ട്. എന്നാൽ, ഡി-ലിറ്റ് സമ്മാനിക്കുന്നതിന് മുന്നോടിയായുള്ള ഒരു നടപടിയിലേക്കും സർവകലാശാല കടന്നിരുന്നില്ല. സിൻഡിക്കേറ്റിലാണ് ഇത് ആദ്യം ചർച്ചചെയ്യേണ്ടതും തീരുമാനിക്കേണ്ടതും. അതുണ്ടായിട്ടില്ല. സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് സെനറ്റിന്റെ അംഗീകാരം വേണം. തുടർന്ന് ചാൻസലറുടെ അനുമതിയും. കൂടാതെ ഡി-ലിറ്റ് സമ്മാനിക്കുന്ന ദിവസം സെനറ്റ് യോഗം ഇതിനായി ചേരുകയും ബിരുദം സ്വീകരിക്കുന്നയാളെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിക്കുകയും വേണം.
advertisement
ഗവർണറുടെ താത്പര്യം വിസി അനൗദ്യോഗികമായി പിവിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും അറിയിച്ചതിനെത്തുടർന്ന് ഇടതുരാഷ്ട്രീയകേന്ദ്രങ്ങളിൽനിന്ന് എതിർപ്പുണ്ടായി. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റിന്റെ അജൻഡയിൽ ഇക്കാര്യം വരികയോ ചർച്ചചെയ്യുകയോ ഉണ്ടായില്ല.
ഡി- ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സർവകലാശാലയാണെന്നും സർക്കാരല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. രമേശ് ചെന്നിത്തല ഉയർത്തിയ ഡി- ലിറ്റ് വിവാദത്തിൽ ഗവർണർ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. എക്കാലത്തുമുള്ള പോലെ പൊലീസിനെതിരെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടെന്നും പ്രതിപക്ഷത്ത് എപ്പോഴും അനൈക്യമാണെന്നും അവരത് തീർക്കട്ടെയെന്നും കോടിയേരി പറഞ്ഞു. കെ റെയിലിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശിയോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാർക്കതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2022 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Governor Arif Mohammad Khan| 'ഡി - ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നുവർ ആദ്യം ഭരണഘടന വായിക്കണം; നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല': ഗവർണർ