D Litt Controversy| 'ഡി- ലിറ്റ് നല്‍കണമെന്ന് വി സിയുടെ ചെവിയിലല്ല പറയേണ്ടത്': ഗവർണർക്കെതിരെ വിമർശനവുമായി വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്.''
കൊച്ചി: ഡി-ലിറ്റ് വിവാദത്തിൽ (D Litt Controversy) ഗവർണറെ (Governor) വിടാതെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി ലിറ്റ് നല്‍കണമെന്ന് വി സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാഷ്ട്രപതിക്ക് ഡി-ലിറ്റ് ബിരുദം നൽകാൻ ഗവർണർ താത്പര്യപ്പെടുകയും കേരള സർവകലാശാല അതിന് വിസമ്മതിക്കുകയും ചെയ്തുവെന്ന വാർത്ത വിവാദമായതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരണവുമായി രംഗത്ത് വന്നു. ഡി - ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കുവാൻ തയാറാകണമെന്ന് ഗവർണർ വ്യക്തമാക്കി. അനാവശ്യ വിവാദം ഉണ്ടാകുകയല്ല വേണ്ടത്. നിരുത്തര വാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല, ഭരണഘടനയുടെ ഭാഗമാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണറും. അതിനെ മാനിക്കുവാൻ വിവാദം ഉണ്ടാക്കുന്നവർ തയ്യാറാവണം. ഭരണഘടനയുടെ അനുഛേദ്ദം (51) എ എന്താണെന്ന് വായിച്ച് പഠിക്കണം. ബാഹ്യസമ്മർദ്ദങ്ങൾക്ക് സർവകാലാശകൾ കീഴടങ്ങുവാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു.
advertisement
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന് കേരള സർവകലാശാല ഓണററി ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കണമെന്ന് ഗവർണർ താത്പര്യപ്പെട്ടത്. വിസിയെ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചതെന്നും സ്ഥിരീകരണമുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്തിടപാടുകൾ നടന്നതായി സൂചനയില്ല.
advertisement
ഇതിനിടെ, രാഷ്ട്രപതിയെ ക്ഷണിച്ച് അപമാനിച്ചെന്ന പ്രചാരണമുണ്ട്. എന്നാൽ, ഡി-ലിറ്റ് സമ്മാനിക്കുന്നതിന് മുന്നോടിയായുള്ള ഒരു നടപടിയിലേക്കും സർവകലാശാല കടന്നിരുന്നില്ല. സിൻഡിക്കേറ്റിലാണ് ഇത് ആദ്യം ചർച്ചചെയ്യേണ്ടതും തീരുമാനിക്കേണ്ടതും. അതുണ്ടായിട്ടില്ല. സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് സെനറ്റിന്റെ അംഗീകാരം വേണം. തുടർന്ന് ചാൻസലറുടെ അനുമതിയും. കൂടാതെ ഡി-ലിറ്റ് സമ്മാനിക്കുന്ന ദിവസം സെനറ്റ് യോഗം ഇതിനായി ചേരുകയും ബിരുദം സ്വീകരിക്കുന്നയാളെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിക്കുകയും വേണം.
ഗവർണറുടെ താത്പര്യം വിസി അനൗദ്യോഗികമായി പിവിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും അറിയിച്ചതിനെത്തുടർന്ന് ഇടതുരാഷ്ട്രീയകേന്ദ്രങ്ങളിൽനിന്ന് എതിർപ്പുണ്ടായി. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റിന്റെ അജൻഡയിൽ ഇക്കാര്യം വരികയോ ചർച്ചചെയ്യുകയോ ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2022 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
D Litt Controversy| 'ഡി- ലിറ്റ് നല്‍കണമെന്ന് വി സിയുടെ ചെവിയിലല്ല പറയേണ്ടത്': ഗവർണർക്കെതിരെ വിമർശനവുമായി വി ഡി സതീശൻ