കൊട്ടിക്കലാശത്തിന് പിന്നാലെ ആറേകാലോടെ ഹരിപ്പാട്ടുണ്ടായ കല്ലേറിൽ എസ്.ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് അനുമതി. ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കടന്നുപോകുന്നതിനിടെ യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കമുണ്ടായി.ആദ്യം കൊടികൊണ്ടാണ് അടിച്ചത്. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കവേ കല്ലേറുണ്ടായി.
കോട്ടയം പാമ്പാടിയിൽ കൊട്ടിക്കലാശത്തിനിടയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിനു കാരണം. തർക്കത്തിനിടയിൽ വാഹനത്തിന്റെ ഡ്രൈവർക്കും മർദ്ദനമേറ്റു. പിന്നീട് വാഹനത്തിന് മുകളിൽ നിന്ന ബിജെപി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമായി.ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.നേതാക്കളും പോലീസും ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.
advertisement
എറണാകുളം പറവൂരിൽ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നു.
ഏപ്രിൽ 7 വൈകിട്ട് ആറ് മണി വരെയായിരുന്നു പരസ്യ പ്രചാരണം. ഏപ്രിൽ 8 നിശബ്ദ പ്രചാരണമായിരിക്കും. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും.
വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലതല കേന്ദ്രങ്ങളില്‍ നടക്കും.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിവരത്തിനായി malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക. ഏറ്റവും പുതിയ വാർത്തകൾ നേടുക.
