തന്റെ ബിജെപി പ്രവേശം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്ന് അജിത് വ്യക്തമാക്കി. ദളിത് വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അത് നേടിയെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. തന്റെ അതൃപ്തി നേരത്തെതന്നെ സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആറുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അജിത് കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത് ബിജെപിയാണെന്നും ആ പാർട്ടിയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തെ ജനങ്ങളോട് ഭരണ-പ്രതിപക്ഷങ്ങൾ നീതി കാണിച്ചില്ലെന്നും വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികൾ കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമുള്ളവയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ജനവിഭാഗത്തെ സംരക്ഷിക്കാനും വൈക്കത്ത് പുതിയൊരു വികസന മാറ്റം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും കെ. അജിത് പറഞ്ഞു.
advertisement
