”എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയിൽ എത്തിയെന്നും സമരം അവസാനിപ്പിക്കുകയാണെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. എന്തു സംഭവിച്ചു എന്ന് അറിയില്ല”- ദിവാകരൻ ന്യൂസ് 18നോട് പറഞ്ഞു. ”തിരുവഞ്ചൂർ മുൻകൈയെടുത്താണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സമരം അങ്ങനെ തീരേണ്ടതായിരുന്നില്ല. ഉമ്മൻചാണ്ടി രാജിവച്ചേനെ. തിരുവഞ്ചൂരാണ് അനുവദിക്കാത്തത്”- ദിവാകരൻ പറയുന്നു.
advertisement
എന്നാൽ ദിവാകരന്റെ വാദങ്ങൾ തള്ളി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രംഗത്ത് വന്നു. രഹസ്യ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും ബാലൻ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി എസ് അച്യുതാനന്ദനെ അലട്ടിയിരുന്നതായി സി ദിവാകരൻ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. ‘കനൽ വഴികളിലൂടെ’ എന്ന ആത്മകഥ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നതിങ്ങനെ- ‘‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഒരു സാധാരണ എംഎൽഎയായി വിഎസ് സഭയിൽവന്നു. വിഎസിന്റെ ആ അവസ്ഥയിൽ എനിക്ക് അതിയായ ദുഃഖം അനുഭവപ്പെട്ടു. എത്ര ക്രൂരമാണ് ചിലപ്പോള്‍ രാഷ്ട്രീയം. മുഖ്യമന്ത്രിയെന്ന നിലയിൽ ശാന്തനും സൗമ്യനുമായിരുന്ന വിഎസ് പ്രതിപക്ഷത്ത് എത്തിയപ്പോൾ ശക്തനായ ആക്രമണകാരിയായി മാറി. തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു’’.
വിവാദമായ ഹാരിസൺ പ്ലാന്റേഷൻ കേസിൽ വനംമന്ത്രി ബിനോയ് വിശ്വത്തെ കൊണ്ട് ഫയലിൽ ഒപ്പിടീച്ചത് അന്നത്തെ തൊഴിൽമന്ത്രി പി കെ ഗുരുദാസന്റെ നിർബന്ധത്താലാണെന്നും, ഒപ്പിടരുതെന്ന് താൻ വിലക്കിയിരുന്നതായും സി ദിവാകരൻ പറയുന്നു. ‘‘ഹാരിസൺ പ്ലാന്റേഷൻ തോട്ടം ദീർഘനാളായി പൂട്ടികിടക്കുകയായിരുന്നു. തൊഴിലാളികൾ പട്ടിണിയിലായി. തോട്ടം തുറക്കാൻ തൊഴിൽമന്ത്രി ഗുരുദാസൻ ഇടപെടല്‍ നടത്തി. ഹാരിസൺ പ്ലാന്റേഷൻ തുറക്കാനുള്ള ഫയൽ വനം മന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭ നടന്നു കൊണ്ടിരിക്കുമ്പോൾ മന്ത്രി ഗുരുദാസൻ അവിടെവച്ച് ഫയലിൽ ബിനോയ് വിശ്വത്തെകൊണ്ട് ഒപ്പിടിക്കാൻ ശ്രമിച്ചു. ബിനോയ് വിശ്വം എന്നോട് അഭിപ്രായം ചോദിച്ചു. ഫയലിൽ ഒപ്പിടരുതെന്ന് ഞാൻ നിർദേശിച്ചു. എന്റെ ഉപദേശം കൂട്ടാക്കാതെ ബിനോയ് ഫയലിൽ ഒപ്പിട്ടു. വൻകിട തോട്ടം ഉടമയെ സംരക്ഷിക്കാൻ വനം മന്ത്രി കൂട്ടുനിന്നു എന്ന് പ്രചാരണമുണ്ടായി. വിഎസ് സർക്കാരിന്റെ പേരിൽ ഒരു ആരോപണവും ഉണ്ടാകില്ലെന്നു ധരിച്ചിരുന്നവർ നിരാശരായി’’.