ജില്ലാ സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ടതില്ല എന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നീക്കം. ജില്ലാ സെക്രട്ടറി അഡ്മിനായ ഗ്രൂപ്പിൽ നിന്നാണ് പത്മകുമാറിനെ ഒഴിവാക്കിയത്. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായി അദ്ദേഹം തുടരുന്നുണ്ടെങ്കിലും ഗ്രൂപ്പിൽ നിന്നുള്ള പുറത്താക്കൽ പാർട്ടിക്കുള്ളിലെ വെട്ടിനിരത്തൽ ആണെന്ന പരിഹാസം അണികൾക്കിടയിൽ തന്നെ ഉയരുന്നുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ പത്മകുമാർ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായപ്പോൾ പാർട്ടി കടുത്ത പ്രതിരോധത്തിലായിരുന്നു. അറസ്റ്റിലായി മാസങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടും ഔദ്യോഗികമായി അദ്ദേഹത്തിനെതിരെ സംഘടനാതലത്തിൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആ ഒഴിവ് ഇതുവരെ നികത്തിയിട്ടുമില്ല.
advertisement
ജാമ്യം ലഭിച്ച പത്മകുമാർ ഇപ്പോൾ ആറന്മുളയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഇതിനിടയിലാണ് വാട്സാപ് ഗ്രൂപ്പിലെ നടപടിയിലൂടെ നേതൃത്വം തങ്ങളുടെ അതൃപ്തി പരസ്യമാക്കിയത്. ജില്ലാ സെക്രട്ടറിയടക്കം 34 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പത്മകുമാറിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
