മുസ്ലിം ലീഗ് പ്രവർത്തൻ മൻസൂറിന്റെ കൊലപാതകത്തിൽ കലാശിച്ചത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ 149,150 നമ്പര്‍ പോളിങ് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് മുസ്ലിം ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇത് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു. വാഹനത്തില്‍ ആളെ കൊണ്ടുവരരുതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ലീഗുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
advertisement
ഉച്ചയോടെ പ്രശ്‌നങ്ങള്‍ താത്കാലികമായി അവസാനിച്ചെങ്കിലും വൈകിട്ട് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.
Also Read- കാസര്‍കോട് ബിജെപി- സിപിഎം സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു
ഇതിനിടെ, പാനൂരിലേത് സിപിഎം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചു. 'രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായതായും നജാഫ് പറയുന്നു. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്'- നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.
Key Words: panoor, panoor murder, youth league, mansoor, cpm, kerala assembly election 2021