മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ഡൊമിനിക്ക് പ്രെസൻറ്റേഷൻ, മുൻ എം പി കെ. പി. ധനപാലൻ, കോൺഗ്രസിൻറെ മുതിർന്ന നേതാവ് അജയ് തറയിൽ, പ്രദേശവാസിയായ കെ. പി ഹരിദാസ് തുടങ്ങി മണ്ഡലത്തിൽ പരിഗണിച്ചിരുന്ന പ്രമുഖർ ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഇവരിൽ ആരെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ എത്തും എന്നാണ് പൊതുവേ കരുതിയിരുന്നത്.
ഇവരെ എല്ലാം ഞെട്ടിച്ചു കൊണ്ടാണ് ദീപക്കിന്റെ മണ്ഡല പ്രവേശം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരിട്ട് ഇടപെട്ടാണ് ദീപക്കിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതെന്നാണ് അണിയറ വർത്തമാനം.
advertisement
ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസിന് സംഘടനയുടെ അക്കൗണ്ടിൽ സീറ്റ് അനുവദിച്ചേക്കുമെന്ന് വ്യാപകമായി പറഞ്ഞു കേട്ടിരുന്നു. മുൻപ് പല തവണ മണ്ഡലത്തിൽ പരാമർശിക്കപ്പെട്ട പേരുമാണ് ഹരിദാസിന്റേത്.
എന്നാൽ ഈ ധാരണകളെല്ലാം പാടെ അട്ടിമറിച്ചുകൊണ്ടാണ് താരതമ്യേന പുതുമുഖമായ ദീപക് ജോയി സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഹരിദാസ് തീരുമാനിച്ചിരിക്കുകയാണ്. മാത്രവുമല്ല വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. വൈപ്പിനിൽ റിബലായി മത്സരിക്കുന്ന കാര്യം മറ്റന്നാൾ തീരുമാനിക്കുമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് പ്രഖ്യാപിച്ചു.
ഐ.എൻ.ടി.യു.സിക്ക് സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് ദുഃഖിക്കേണ്ടി വരുമെന്നും 17 ലക്ഷത്തോളം ഐ.എൻ.ടി.യു.സി. പ്രവർത്തകരുടെ വികാരം കോൺഗ്രസ് ഉൾക്കൊള്ളണമെന്നും ഹരിദാസ് മുന്നറിയിപ്പ് നല്കുന്നു. സംഘടനയെ പൊതുവേ പലയിടത്തും തഴഞ്ഞിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നേതാക്കൾ മത്സര രംഗത്തിറങ്ങാനാ ണ് തീരുമാനം. ഇതിൻറെ ഭാഗമായി പല മണ്ഡലങ്ങളിലും ഐഎൻടിയുസിയുടെ നേതാക്കൾ മത്സരിക്കും. മത്സരിക്കുന്ന സ്ഥലങ്ങളിൽ ഐ.എൻ.ടി.യു.സി. ജയിക്കുമെന്നാണ് ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ ആത്മവിശ്വാസം.
Also Read-വടകരയിൽ കെ കെ രമയില്ല; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തും; മത്സരിക്കുന്നത് 94 സീറ്റുകളില്‍
വൈപ്പിൻ മണ്ഡലത്തിൽ പരസ്യമായി പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദീപക് ജോയി പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളുടെയും മറ്റ് പ്രാദേശിക നേതാക്കളുടെയും വീടുകൾ തോറും കയറി ഇറങ്ങി പ്രശ്ന പരിഹാരത്തിനും തെരഞ്ഞെടുപ്പ് സഹകരണത്തിനും ആയി സഹായം അഭ്യർത്ഥിക്കുകയാണ് ദീപക് ജോയും യൂത്ത്കോൺഗ്രസ് നേതാക്കളും. വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകാൻ കഴിയുമെന്നാണ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷയും
തുടർച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലത്തിൽ ഇക്കുറി അട്ടിമറി വിജയം നേടാൻ കഴിയും എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ ഇതിനെ സാധ്യമാകുമോ എന്ന് സംശയം ഉയർത്തുകയാണ്.