അപകടത്തെ തുടർന്ന് മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും കളമശ്ശേരിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് ഉടന്‍ എത്തിച്ചേരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജ് അറിയിച്ചു.
advertisement
നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ അവസാന ദിനമായ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടിയാണ് നടക്കാനിരുന്നത്. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
മഴ പെയ്തതോടെ ഗാനമേള നടന്ന ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.