പാർട്ടി തീരുമാനം അംഗീകരിച്ച് നന്ദകുമാറിൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ടി എം സിദ്ദീഖ് വ്യക്തമാക്കി.
"പൊന്നാനി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ് പി നന്ദകുമാറിനെ പാർട്ടി നിശ്ചയിച്ചിരിക്കുകയാണ്. എല്ലാ ഘടകങ്ങളും പരിശോധിച്ച് നിരന്തരമായ പരിശോധനകൾക്കും കൂടിയാലോചനകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സിപിഐഎം പാർട്ടി ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നത്. ആ തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്." സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
Also Read പൊന്നാനിയിൽ സിപിഎമ്മിൽ പ്രതിഷേധം പുകയുന്നു; അനുനയ നീക്കവുമായി നേതൃത്വം
തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലുംമലപ്പുറം ജില്ലയിലെ ഇടത് പക്ഷ പ്രസ്ഥാനത്തിലെ തല മുതിർന്ന നേതാക്കളിലൊരാളാണ് പി നന്ദകുമാർ. ഇപ്പോൾ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കൂടിയായ നന്ദകുമാർ സി.പി.എം സംസ്ഥാന സമിതി അംഗമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് പൊന്നാനിയിലെ സിപിഎം സ്ഥാനാർഥി പി നന്ദകുമാറിനെ വാർത്ത കേന്ദ്രമാക്കിയത്.
എന്നാൽ ജിലയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ പി നന്ദകുമാറിന്റെ ചരിത്രം നോക്കിയാൽ സ്ഥാനാർഥിത്വം ഇദ്ദേഹത്തിന് വൈകി കിട്ടിയ അംഗീകാരമാണെന്നും പറയേണ്ടി വരും. 1950 ൽതിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി അധ്യാപക ദമ്പതികളായ കെ കൃഷ്ണന്‍ നായരുടെയും പി ദേവകിയമ്മയുടെയും മകനായാണ് നന്ദകുമാർ ജനിച്ചത്. തിരൂര്‍ ഹൈസ്‌കൂളിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസ കാലത്ത് 1968-ല്‍ കമ്യൂണിസ്റ്റ്പാര്‍ടി ഗ്രൂപ്പ് മെമ്പറായി. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റിലായ പി നന്ദകുമാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒന്നരവര്‍ഷം രാഷ്ട്രീയ തടവുകാരനായി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, എം വി രാഘവന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമായിരുന്നു തടവുജീവിതം.
അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ പുറത്തുവന്നശേഷം പി നന്ദകുമാര്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും പാര്‍ടി പ്രവര്‍ത്തനത്തിലും ശ്രദ്ധേയനായി. തിരൂര്‍ താലൂക്ക് മെമ്പര്‍, വളാഞ്ചേരി ഏരിയ സെക്രട്ടറി, പാര്‍ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം തുടങ്ങി സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം . ട്രേഡ് യൂണിയന്‍ രംഗത്താണ് നന്ദകുമാർ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളത്. സിഐടിയു ദേശീയ സെക്രട്ടറി ആയ അദ്ദേഹം വിവിധ തൊഴിലാളി സംഘടനകളുടെ നേതൃ നിരയിലുണ്ട്.
നിലവിൽ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറിയാണ് നന്ദകുമാർ.കഴിഞ്ഞ 17 വര്‍ഷമായി പൊന്നാനി മണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിലെ മാന്തടത്താണ് താമസിക്കുന്നത്. മുൻപ് പലവട്ടം സ്ഥാനാർഥി ആകാൻ പരിഗണിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ പലകാരണങ്ങൾ കൊണ്ടും ലഭിക്കാതിരുന്ന അംഗീകാരമാണ് 2021 ൽ പാർട്ടി നൽകിയിരിക്കുന്നത് . പൊന്നാനിയിൽ തുടർച്ചയായ നാലാം തവണയും ഇടത് പക്ഷത്തിൻ്റെ വെന്നിക്കൊടി പാറിക്കാൻ പി നന്ദകുമാറിന് സാധിച്ചാൽ അതും മറ്റൊരു ചരിത്രമാകും.