രാവിലെ 9 മുതല്‍ 8 വരെ പ്രതികളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.
ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത്ത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും.
പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തരുതെന്നും അങ്ങനെയുണ്ടായാല്‍ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കി.
advertisement
പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില രേഖകള്‍ അലോസരപ്പെടുത്തുന്നതാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ചില തെളിവുകള്‍ കോടതിക്ക് കൈമാറാം. അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ എത്രത്തോളമാണെന്ന് പറയാനാകുമോയെന്ന് കോടതി ആരാഞ്ഞു. ദിലീപിന് അറിയാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ദിലീപിനോട് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
തെളിവില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു.