നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേ സംവിധയകന് ബാലചന്ദ്രകുമാറിന് ഹൈകോടതിയുടെ വിമര്‍ശനം. 2017ലാണ് ഗൂഡാലോചന നടത്തിയതായി പറയുന്നത്. അന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമായിരുന്നു. ഇയാളുടെ സിനിമയില്‍ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം വന്നതെന്ന് കോടതി ചോദിച്ചു.
എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. ചില തെളിവുകള്‍ കോടതിക്ക് കൈമാറാം. അന്വേഷണസംഘം ശേഖരിച്ച തെളിവുകള്‍ എത്രത്തോളമാണെന്ന് പറയാനാകുമോയെന്ന് കോടതി ആരാഞ്ഞു. ദിലീപിന് അറിയാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ദിലീപിനോട് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനാണ് ദിലീപിന്റെ ശ്രമം. ഒരാള്‍ സാക്ഷിമൊഴി നല്കാന് വരുമ്പോള്‍ പ്രതിഭാഗത്തിന്റെ ആളുകള്‍ പല വഴിക്ക് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. എന്തും പറയാന്‍ തയാറായ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. എവിടെയും എന്തും പറയാന്‍ ഇയാള്‍ തയാറാണെന്നും പ്രോസിക്യൂഷന് പറഞ്ഞു.
വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. വീഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ട്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ലെന്നും ഉപോല്‍ബലകമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
തെളിവില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ദിലീപ് വാദിച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയകേസ്.
അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ സിഐ അനുഭവിക്കുമെന്നാണ് പറഞ്ഞത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് വോയ്സ് ക്ലിപ്പില്‍ ഉള്ളതെന്ന് ദിലീപ് പറഞ്ഞു
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.