നീനാ പ്രസാദ് മോയൻ എൽ പി സ്കൂളിൽ നടത്തിയ നൃത്ത പരിപാടി ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശപ്രകാരം പൊലീസ് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അഭിഭാഷകരുടെ നേതൃത്വത്തിൽ ജില്ലാ കോടതിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കോടതി വളപ്പിൽ നടന്ന പ്രതിഷേധം ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി കലാം പാഷ പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിന് നൽകിയ കത്തിലാണ് താൻ നൃത്ത പരിപാടി തടസ്സപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നത്.
advertisement
ശബ്ദം കുറക്കാൻ മാത്രമാണ് സെക്യൂരിറ്റി ഓഫീസർ മുഖേന ഡിവൈഎസ്പിക്ക് സന്ദേശം നൽകിയതെന്നും എന്നാൽ ഡിവൈഎസ്പി പറഞ്ഞതിനേക്കാൾ അധികമായി പ്രവർത്തിച്ച് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തെന്നും കലാം പാഷ വ്യക്തമാക്കി. കലാപരിപാടികൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ആറു വർഷം സംഗീതം പഠിച്ചയാളാണെന്നും കത്തിൽ പറയുന്നു.
അരങ്ങേറ്റം നടത്തിയില്ലെങ്കിലും ഭരതനാട്യവും ഏറെക്കാലം പഠിച്ചിരുന്നു. മതപരമായ കാരണങ്ങളാൽ നൃത്ത പരിപാടി നിർത്തിയെന്ന ആരോപണം വേദനാജനകമാണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരു പബ്ലിക് പ്രോസിക്യൂട്ടറുൾപ്പടെ പങ്കെടുത്ത പ്രതിഷേധം കോടതിയുടെ പ്രവർത്തനത്തിന് ശല്യമായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.