ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ-കോൺഗ്രസ്)
ആദ്യമായാണ് ആര്യാടൻ ഷൗക്കത്ത് സഭയിൽ അംഗമാകുന്നത്. പിതാവ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് 8 തവണ എംഎൽഎയായിരുന്ന നിലമ്പൂരിൽ 2016 ൽ മത്സരിച്ച ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.
പി.എസ്.സുപാൽ (പുനലൂർ- സിപിഐ)
പുനലൂർ മണ്ഡലത്തിൽനിന്നു 2 തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഐ നേതാവ് പി.കെ.ശ്രീനിവാസന്റെ മകൻ. 1996 ൽ വോട്ടെടുപ്പു കഴിഞ്ഞു ഫലം പ്രഖ്യാപിക്കും മുൻപ് അദ്ദേഹം അന്തരിച്ചതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ സുപാൽ ജയിച്ചു. 2001 ലും 2021 ലും സുപാൽ പുനലൂരിൽനിന്നു വീണ്ടും സഭയിലെത്തി.
advertisement
കെ.ബി.ഗണേഷ് കുമാർ (പത്തനാപുരം- കേരള കോൺഗ്രസ് (ബി))
ഇരുമുന്നണികളിലായി 6 മന്ത്രിസഭകളിൽ അംഗമായിരുന്ന കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ മകൻ. അച്ഛനൊപ്പം സഭയിൽ അംഗമായ ഏക വ്യക്തി. 2001 ൽ കൊട്ടാരക്കരയിൽനിന്നു ബാലകൃഷ്ണപിള്ളയും പത്തനാപുരത്തുനിന്നു ഗണേഷും ജയിച്ചു.അന്നും മന്ത്രിയായി.
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി- കേരള കോൺഗ്രസ് (എം))
മുൻമന്ത്രിയും ഡപ്യൂട്ടി സ്പീക്കറും വാഴൂർ എംഎൽഎയും ആയിരുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ.നാരായണക്കുറുപ്പിന്റെ മകൻ. 2006 ൽ ആദ്യമായി വാഴൂരിൽനിന്നാണു സഭയിലെത്തി.വാഴൂർ ഇല്ലാതായതോടെ 2011 മുതൽ തൊട്ടടുത്ത കാഞ്ഞിരപ്പള്ളിയിൽ. 2021ൽ മുന്നണി മാറി സഭയിൽ ചീഫ് വിപ് ആയി.
കെ.പി.മോഹനൻ (കൂത്തുപറമ്പ് -ആർ ജെ ഡി)
സോഷ്യലിസ്റ്റ് നേതാവും ഇഎംഎസ്, നായനാർ മന്ത്രിസഭകളിൽ അംഗവുമായിരുന്ന പി.ആർ.കുറുപ്പിന്റെ മകൻ.2001 ൽ പെരിങ്ങളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം ഇപ്പോൾ എൽഡിഎഫിനൊപ്പം. മുന്നണി മാറിയപ്പോൾ മണ്ഡലവും മാറി.
വി.ആർ.സുനിൽ കുമാർ (കൊടുങ്ങല്ലൂർ- സിപിഐ)
1977 ൽ കൊടുങ്ങല്ലൂരിൽനിന്നും 1996 ൽ മാളയിൽനിന്നും ജയിച്ച 96 ലെ നായനാർ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്ന സിപിഐ നേതാവ് വി.കെ.രാജന്റെ മകൻ. 2016 മുതൽ നിയമസഭാംഗം.
ഡോ.സുജിത് വിജയൻപിള്ള (ചവറ- സിപിഎം)
2016 ൽ ചവറയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട സിഎംപി അംഗമായ എൻ.വിജയൻപിള്ളയുടെ മകൻ. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹം അന്തരിച്ചതിനാൽ സീറ്റ് മകനിലെത്തി
ഡോ.എം.കെ.മുനീർ (കോഴിക്കോട്- മുസ്‌ലിം ലീഗ്)
മുഖ്യമന്ത്രിയും സ്പീക്കറുമായിരുന്ന മുസ്‌ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയയുടെ മകൻ.1991 ലെ ആദ്യമത്സരത്തിൽ ജയിച്ചു.
പി.കെ.ബഷീർ (ഏറനാട്- മുസ്ലിം ലീഗ്)
5 തവണ എംഎൽഎയും ചീഫ് വിപ്പുമായിരുന്ന മുസ്ലിം ലീഗ് നേതാവ് പി.സീതിഹാജിയുടെ മകൻ. സീതിഹാജി സഭാംഗമായിരിക്കെ 1992 ൽ മരിച്ചു. ഏറനാട് നിന്നും 2011 ൽ നിയമസഭയിൽ.
അനൂപ് ജേക്കബ് (പിറവം- കേരളാ കോൺഗ്രസ് ജേക്കബ് )
മുൻ മന്ത്രി കേരളാ കോൺഗ്രസ് നേതാവ് ടി എം ജേക്കബിന്റെ മകൻ. 2011 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ജേക്കബ് മരിച്ചപ്പോൾ പിറവം മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അനൂപ് ജയിച്ചു. ജേക്കബിന്റെ വകുപ്പായ ഭക്ഷ്യവകുപ്പ് ഏറ്റെടുത്തു.
ചാണ്ടി ഉമ്മൻ (പുതുപ്പള്ളി- കോൺഗ്രസ് )
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ. 1970 മുതൽ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽനിന്നു മരണശേഷം ഉപതിരഞ്ഞെടുപ്പിൽ 2023 ൽ സഭയിലെത്തി.
മക്കൾ മാത്രമല്ല മുൻ അംഗങ്ങളുടെ ഭാര്യയും ഭർത്താവും സഹോദരനും നിലവിലെ അംഗത്തിന്റെ മരുമകനുമുണ്ട് ഈ സഭയിൽ.
ഉമ തോമസ് (തൃക്കാക്കര- കോൺഗ്രസ്)
കോൺഗ്രസ്നേതാവ് പി.ടി.തോമസിന്റെ ഭാര്യ. ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലെത്തി. സഭയിലെ ഏക കോൺഗ്രസ് വനിതാ അംഗം.
മന്ത്രി ജി.ആർ.അനിൽ (നെടുമങ്ങാട്- സിപിഐ)
ചടയമംഗലം എംഎൽഎ ആയിരുന്ന ആർ.ലതാദേവിയുടെ ഭർത്താവാണ് അനിൽ.
തോമസ് കെ.തോമസ് (കുട്ടനാട്-എൻസിപി)
2006 മുതൽ കുട്ടനാട് എംഎൽഎയും കഴിഞ്ഞ സർക്കാരിൽ മന്ത്രിയുമായായിരുന്ന എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ സഹോദരൻ. തോമസ് ചാണ്ടിയുടെ മരണാനന്തരം സീറ്റ് തോമസ് കെ.തോമസിന് ലഭിച്ചു.
മന്ത്രി മുഹമ്മദ് റിയാസ് (ബേപ്പൂർ-സിപിഎം )
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ. ഡിവൈഎഫ്ഐ നേതാവായിരിക്കെ കോഴിക്കോട് നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പിണറായി വിജയന്റെ മകൾ ടി.വീണയെ വിവാഹം കഴിച്ച ശേഷം ബേപ്പൂരിൽനിന്നു മത്സരിച്ചു മന്ത്രിയായി.
