ഡോക്ടർ ബിന്ദുവിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുള്ള പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി അന്വേഷണം നടത്തും.
ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും, സംഭവത്തിന് ശേഷം കൃത്യമായ വിശദീകരണം പോലും നൽകാതെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.
advertisement
തിങ്കളാഴ്ച രാവിലെ ഒമ്പതാം മാസത്തെ സ്കാൻ റിപ്പോർട്ട് കാണിക്കാനാണ് നിരഞ്ജനയും ഭർത്താവും ആശുപത്രിയിൽ എത്തിയത്. തുടർന്ന് പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പുറത്തെടുത്തയുടൻ കുഞ്ഞ് മരിച്ച വിവരം അധികൃതർ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നേരത്തെ മറ്റൊരു പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതരമായ പിഴവിന്റെ പേരിൽ ഡോ. ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും അന്വേഷണം നടന്നുവരികയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്കു പോകുന്ന അവസ്ഥയുണ്ടായെന്ന പരാതിയിലാണ് ഈ അന്വേഷണം. ഈ വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിക്കാനിടയായ പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ഡോക്ടർക്കെതിരെയുള്ള ആരോപണങ്ങളുടെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.
