ചൊവ്വാഴ്ച വൈകിട്ട് 6.40-ഓടെയാണ് അപകടം നടന്നത്. കെഎൽ 16 ആർ 2935 എന്ന നമ്പറിലുള്ള കാർ അമിതവേഗതയിലെത്തി ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കായലിലേക്ക് തെറിച്ചുവീണ കുട്ടികൾക്ക് ഗുരുതരമായ പരിക്കേറ്റു. ചിന്നു ലക്ഷ്മിക്ക് നട്ടെല്ലിനും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലുണ്ട്, കൂടാതെ ആന്തരിക രക്തസ്രാവവുമുണ്ടായി. ധനലക്ഷ്മിയുടെ കാലിനും അസ്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇരുവരും ചികിത്സയിലാണ്.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b) എന്നിവയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
advertisement
അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റേതാണെന്ന് ബിന്ദു കൃഷ്ണ സ്ഥിരീകരിച്ചു. എന്നാൽ അപകടസമയത്ത് മകനല്ല, അവന്റെ സുഹൃത്തുക്കളായ കെഎസ്‌യു പ്രവർത്തകരാണ് കാർ ഓടിച്ചിരുന്നതെന്ന് അവർ വിശദീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ഒരു വാഹനാപകടത്തെ സിപിഐഎം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
