കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ. ലേലം വിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകൊമ്പനാണ് പിന്നീട് ആനപ്രേമികളുടെ ഇഷ്ടംപിടിച്ചുപറ്റിയ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തുമ്പോള്‍ അഞ്ച് വയസ്സായിരുന്ന ആന അമ്പത് വര്‍ഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു.
advertisement
1977 ഡിസംബർ 20 ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് അഞ്ചു വയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലം കഴിഞ്ഞ് അയ്യപ്പൻ ഈരാറ്റുപേട്ടയിലെത്തുമ്പോൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു.
സ്വതവേ ശാന്തപ്രകൃതക്കാരനായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന്‍. ഐരാവതസമന്‍ ഗജരാജന്‍, ഗജരത്നം ഗജോത്തമന്‍, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു. ഒട്ടേറെ ആനപ്രേമികളാണ് ഈരാറ്റുപേട്ട അയ്യപ്പന് അന്ത്യാഞ്ജലി നേർന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
