കണ്ടെയ്നർ റോഡിനായി ഒരുപാട് സഹിച്ചവരാണ് റോഡ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങൾ. മൂലമ്പിള്ളിയിൽ നടന്ന കുടിയൊഴിപ്പിക്കൽ അത്ര പെട്ടന്നൊന്നും കേരളം മറക്കുകയുമില്ല. സംസ്ഥാനത്തിന്റെ വലിയ വികസന പദ്ധതിക്കായി ഒടുവിൽ ഒഴിഞ്ഞു കൊടുക്കുമ്പോൾ അവിടെ അവശേഷിക്കുന്നവർക്ക് ഒരുപാട് വാഗ്ദാനങ്ങളും റോഡുമായി ബന്ധപ്പെട്ട് നൽകിയിരുന്നു.
റോഡിനോട് ചേർന്നുള്ള മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾക്കും ഏലൂർ മുനിസിപ്പാലിറ്റിക്കുമാണ് നിലവിൽ ഇളവുകൾ നൽകിയിരുന്നത്. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇളവു നൽകാൻ തീരുമാനിച്ചതും. കണ്ടെയ്നർ റോഡിനായി ഈ പ്രദേശങ്ങളിലെല്ലാം സ്ഥലം ഏറ്റെടുത്ത കാരണത്തലാണ് ഇളവുകൾ നൽകിയത്.
advertisement
ചേരാനല്ലൂരിൽ മാത്രം 81 വീടുകളും കടമക്കുടിയിൽ 50 വീടുകളുമാണ് റോഡിന് സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടമായത്. അന്ന് നിരവധി ഉറപ്പുകൾ ദേശീയപതാക അതോറിറ്റിയും അധികൃതരും നാട്ടുകാർക്ക് നൽകിയിരുന്നു. അതിൽ പ്രധാനം സൗജന്യ യാത്രയായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതാകുന്നത്.
ഇളവുകൾ പൂർണ്ണമായും പിൻവലിച്ചാൽ പ്രദേശവാസികൾക്ക് ഇതുവഴി കടന്നുപോകുന്നതിന് പണം നൽകേണ്ടിവരും.
ദേശീയ പാത അതോറിറ്റി ഔദ്യോഗികമായി ഇത് വരെ പ്രതികരിച്ചില്ലെങ്കിലും ഒന്നാം തിയതി മുതൽ ഇളവ് ലഭിക്കില്ലെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളിൽ ഉയരുന്നത്.