ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരുമാസത്തേക്കു നീട്ടി. ജനുവരി 15 മുതലായിരിക്കും ഫാസ്ടാഗ് നിർബന്ധമാക്കുക. യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 75 ശതമാനം വാഹനങ്ങള്‍ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരുത്തല്‍. ടോൾ പ്ലാസകളിലെ വന്‍ ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് തീരുമാനം.
നാളെ മുതല്‍ ടോള്‍ പിരിവിന് ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാൽ 30 ശതമാനം വാഹനങ്ങള്‍ പോലും ഫാസ്ടാഗിലേക്കു മാറാത്ത കേരളത്തിലെ ടോള്‍പ്ലാസകളില്‍ ഇപ്പോള്‍ത്തന്നെ കനത്ത ഗതാഗതക്കുരുക്കാണ്. തിരക്കിട്ടു ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ദേശീയപാതാ അതോറിറ്റി നല്‍കുന്നത്.
ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഫാസ്ടാഗ് സ്റ്റിക്കറുകൾ റീഡ് ചെയ്യാത്തതും റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വലിയതോതില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. പണം കൊടുത്ത് കടന്നു പോകുന്ന ലൈനുകളില്‍ പതിവു പോലെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.