കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച സംസ്ഥാനത്ത് അഴിമതി മാത്രമാണ് വർധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ എല്ലാ ട്വന്‍റി20 സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തു
കേരളത്തിൽ ഉയർന്ന സാക്ഷരതയുണ്ടെങ്കിലും ജോലിക്ക് വേണ്ടി ജനങ്ങൾക്ക് ഗൾഫിലേക്ക് അടക്കം പോകേണ്ടി വരുന്ന അവസ്ഥയാണെന്ന് അമിത് ഷാ പറഞ്ഞു. 2014-ൽ 14 ശതമാനമായിരുന്ന എൻഡിഎയുടെ വോട്ട് വിഹിതം 2019-ൽ 16 ആയും 2024-ൽ 20 ശതമാനമായും ഉയർന്നത് ഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
advertisement
സ്മാർട്ട് സിറ്റി പദ്ധതിക്കും കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുമടക്കം കൊച്ചിക്ക് വേണ്ടി നിരവധി വികസന പദ്ധതികൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ബിജെപിയെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണെന്നും പ്രീണന രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്രം ശക്തമായ നടപടിയെടുത്തതും വഖഫ് നിയമം ഭേദഗതി ചെയ്തതും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും നിശബ്ദരായപ്പോൾ ബിജെപി നിയമനിർമ്മാണത്തിലൂടെ പരിഹാരത്തിന് ശ്രമിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിന് പുറത്ത് കോൺഗ്രസും സിപിഎമ്മും പ്രണയിതാക്കളാണെങ്കിലും കേരളത്തിൽ അവർ ശത്രുക്കളായി അഭിനയിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മോദി ഡൽഹിയിൽ തുടങ്ങുന്ന സ്റ്റാർട്ട് അപ്പ് ഫണ്ടും ഭവന നിർമ്മാണ പദ്ധതികളും പേര് മാറ്റി പിണറായി വിജയൻ കേരളത്തിൽ സ്വന്തം പദ്ധതികളായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയപാത വികസനത്തിന് കേന്ദ്രം ഫണ്ട് നൽകുമ്പോഴും റോഡിലെ ബോർഡുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തവണ കേരളത്തിലെ 'എ ടീം' ബിജെപിയാണെന്നും ശബരിമല സ്വർണ്ണക്കൊള്ളയിലെ കുറ്റവാളികളെ എൻഡിഎ സർക്കാർ വന്നാൽ ജയിലിലടയ്ക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
