റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂലായ് എട്ടിനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് വിളിച്ച് മൊഴിയെടുത്തത്.
താൻ സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും മൊഴിയിലുണ്ട്. കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയുള്ള സ്വർണക്കടത്ത് സ്വപ്നയുടെ ഒത്താശയോയെയാണ് നടത്തിയിരുന്നതെന്നും സൗമ്യ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്തണമെന്ന അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലും സ്വർണക്കടത്തിൽ ഒരു എം.എൽ.എ പങ്കാളിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
പിഡി 12002–06–2020 കോഫെപോസ’ നമ്പറിലുള്ള കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണ് എം.എൽ.എയ്ക്ക് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നത്. സ്വർണക്കടത്തിലെ സൂത്രധാരനായ കെ.ടി. റമീസുമായാണ് ഈ എം.എൽ.എയ്ക്ക് പങ്കാളിത്തമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റമീസിന്റെ കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണ് എം.എൽ.എയെന്നും സാക്ഷിമൊഴികൾ അടിസ്ഥാനമാക്കി കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയ്ക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം സ്വപ്ന സുരേഷുമായോ മറ്റേതെങ്കിലും പ്രതികളുമായോ എം.എൽ.എ നേരിട്ട് ഇടപട്ടിട്ടില്ല. റമീസ് വഴിയായിരുന്നു മറ്റുള്ളവരുമായുള്ള എം.എൽ.എയുടെ ആശയ വിനിമയമെന്നും റിപ്പോർട്ടിൽ പറയുന്നു.