മൊബൈല്‍ ഫോണ്‍ രേഖകളും ലാപ്‌ടോപ്പും പരിശോധിച്ചതില്‍ നിന്ന് നിര്‍ണ്ണായകമായ പുതിയ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അപേക്ഷ പരിഗണിയ്ക്കുന്നതിനായി സ്വപ്നയെ നാളെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.
അതിനിടെ അടുത്ത ബന്ധുക്കളെ കാണാന്‍ കോടതി സ്വപ്‌നയ്ക്ക് അനുമതി നല്‍കി. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു മണിക്കൂര്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താം. ഭര്‍ത്താവിനും മക്കള്‍ക്കും പുറമെ അമ്മയ്ക്കും സ്വപ്നയെ കാണാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തൃശൂരിലേക്ക് പോയി. കുടുംബം നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
advertisement
തൃശൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന സ്വപ്നയെ നെഞ്ച് വേദന അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്വപ്‌നയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു.
ഹൃദ്രോഗബാധയുണ്ടോയെന്ന് കണ്ടെത്താനുള്ള ആന്‍ജിയോഗ്രാം പരിശോധന നാളെ നടക്കും. ഇതിനിടെയാണ് എന്‍.ഐ.എ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയിരിയ്ക്കുന്നത്.