12 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് ശബരിമലയില്‍ ഇപ്പോള്‍ ഭക്തദര്‍ശനം. സ്ത്രീകള്‍ക്കു കൂടി പ്രവേശനം അനുവദിക്കുന്നതോടെ വരി പിന്നെയും നീളും എന്നത് ആദ്യ പ്രതിസന്ധി. മലകയറുന്ന ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ തന്നെ അപര്യാപ്തമാണെന്ന് പല സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. പൊതുശൗചാലയങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ തന്നെ നൂറുകണക്കിനാളുകള്‍ ക്യൂ നിന്നാണ് പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നത്. ഇനി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കേണ്ടി വരും.
advertisement
ശബരിമലയിലെ സ്ത്രീപ്രവേശനം: ആ ഫോട്ടോഗ്രാഫർ കാലിഫോർണിയയിലുണ്ട്....0
പമ്പയില്‍ സ്ത്രീ ഭക്തര്‍ക്കായി പ്രത്യേക കുളിക്കടവു തന്നെ നിര്‍മിക്കേണ്ടിയും വരും. നിലവിലെ മാലിന്യ സംസ്‌കരണം തന്നെ വനഭൂമിക്ക് വെല്ലുവിളിയാണെന്നിരിക്കെ വനിതകളടക്കമുള്ള ഭക്തരുടെ എണ്ണം കൂടുന്നതോടെ ഇതിനുള്ള സൗകര്യങ്ങളും രണ്ടിരട്ടി എങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. സ്ത്രീകളെകൂടി പരിഗണിച്ചു കൊണ്ടുള്ള സുരക്ഷാക്രമീകരണങ്ങളും, വനിതകളടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സന്നിധാനത്ത് ആവശ്യമായിവരും. പ്രളയം പൂര്‍ണമായും തകര്‍ത്ത പമ്പയില്‍ നിലവില്‍ എത്തുന്ന ഭക്തര്‍ക്ക് പോലും സൗകര്യമൊരുക്കാന്‍ പാടുപെടുകയാണ് ദേവസ്വം ബോര്‍ഡ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമായി ഇറങ്ങിയാലും വനഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ശ്രമങ്ങളുടെ വേഗം കുറയ്ക്കും. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലും സമയത്ത് നടത്താനാകാത്ത ദേവസ്വംബോര്‍ഡിന് ഇനി ഉള്ളത് വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ്.
ഭക്തരുടെ എണ്ണം നിലവില്‍ തന്നെ താങ്ങാനാകാത്ത ശബരിമലയില്‍ വര്‍ഷം മുഴുവന്‍ ദര്‍ശനം അനുവദിക്കുകയാണ് ഇനിയുള്ള താല്‍ക്കാലിക പോംവഴി. ദേവസ്വംബോര്‍ഡ് ഇതിന് തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
