പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി.
advertisement
പ്രസവശസ്ത്രക്രിയക്ക് ശേഷം ഹർഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്. തുടർന്ന‌് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.
''ശസ്ത്രക്രിയയുടെ വേദനയാണെന്നാണ് ആദ്യം കരുതിയത്. ഇടയ്ക്കിടെ വേദന, പനി, തളർച്ച, ക്ഷീണം, എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയൊക്കെയായിരുന്നു. മൂത്രത്തിൽ അണുബാധ വന്നപ്പോൾ ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ പോയി സ്കാൻ ചെയ്തു. ആദ്യം മൂത്രത്തിൽ കല്ലാണ് എന്നാണു വിചാരിച്ചത്. പിന്നീട് ഡോക്ടർക്കു സംശയം തോന്നിയാണ് സി ടി സ്കാൻ ചെയ്തത്. 25 വയസ്സ് മുതൽ അനുഭവിച്ച ഈ ദുരിതത്തിന് നഷ്ടപരിഹാരം ആരോഗ്യവകുപ്പ് തന്നേ പറ്റൂ''- ഹർഷിന പറയുന്നു.
Also Read- കോട്ടയത്ത് കോൺക്രീറ്റ് മിക്സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹർഷിനയുടെ പരാതിയിൽ ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം പ്രൊഫസർ എന്നിവരടങ്ങിയ 3 അംഗ സമിതി അന്വേഷണം നടത്തുന്നതായി പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി പറഞ്ഞു. ഇവർക്ക് നേരത്തേ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.
