തിരുവനന്തപുരം: ജനങ്ങളെ വലച്ച് വെള്ളിയാഴ്ച ബി.ജെ.പി നടത്തിയ ഹർത്താലിനെതിരെ പൊതുജനങ്ങൾക്കിടയിൽ രൂക്ഷമായ പ്രതികരണമാണുണ്ടായത്. ബി ജെ പിക്കാകട്ടെ ഹർത്താൽ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിച്ച നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല, അണികളും അനുഭാവികളുമായ വലിയൊരു വിഭാഗം ഹർത്താലിനെതിരെ രംഗത്ത് വന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയുമാണ്. ഹർത്താൽ അനവസരത്തിലായിപ്പോയെന്ന വികാരമാണ് ഭൂരിഭാഗത്തിനും.
അടിയ്ക്കടിയുള്ള ഹർത്താൽ സാധാരണ ജനങ്ങളെ പാർട്ടിക്കെതിരാക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ. എന്തിനുമേതിനും ഹർത്താൽ പ്രഖ്യാപിക്കുന്നതുവഴി ജനവികാരം എതിരായിമാറുകയാണെന്ന് പ്രവർത്തരും കരുതുന്നു. ഈ വർഷം ഇതുവരെ 26 ഹർത്താലുകളാണ് ബി.ജെ.പി. നടത്തിയത്. ഇതിൽ ശബരിമല വിഷയത്തിൽ മാത്രം ആറ് ഹർത്താലുകൾ. അതിൽ മൂന്നെണ്ണം വൃശ്ചിക മാസത്തിൽ. തിരുവനന്തപുരം ജില്ലയിൽ നാല് ദിവസത്തിനിടയിൽ രണ്ട് ഹർത്താൽ നടത്തി. ദുരിതത്തിലായ ജനങ്ങളും വ്യാപാരികളും തെരുവിൽ പ്രതിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യങ്ങൾ നേതൃത്വം ഗൗരവമായി കാണണമെന്ന വികാരമുണ്ട്.
advertisement
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യചെയ്ത സംഭവത്തെ ശബരിമല പ്രശ്നവുമായി ബന്ധിപ്പിച്ചാണ് ബി.ജെ.പി. നേതൃത്വം ഹർത്താലിന് ആഹ്വാനം ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളുടെ മരണമൊഴിയിലെ വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി. ബി.ജെ.പി. സമരമോ, ശബരിമല വിഷയമോ മരണമൊഴിയിൽ പരാമർശിച്ചിരുന്നില്ല. ഇതോടെ, ശരണം വിളിച്ചാണ് ഇയാൾ ആത്മഹൂതി നടത്തിയതെന്നും വിശ്വാസിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് ഹർത്താലെന്നും നിലപാട് മാറ്റേണ്ടിവന്നു. കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ എടുത്തുചാടി ഹർത്താൽ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്നാണ് ചോദ്യമാണ് അണികളുടെ ചോദ്യം.ഒരു സമരരീതി എന്ന നിലയ്ക്ക് ഹർത്താലിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന നടപടിയായിപോയെന്ന വികാരവും അവർക്കിടയിലുണ്ട്. വനിതാ മതിലിനു ബദലായി അയ്യപ്പ ജ്യോതി എന്ന തീരുമാനം സ്വാഗതം ചെയ്ത അണികളും ഹർത്താലിനെ എതിർത്തവരിൽ ഉണ്ടെന്നതാണ് ശ്രദ്ധേയം.
വെള്ളിയാഴ്ച ഹർത്താൽ നേതൃത്വത്തിന്റെ തന്ത്രപരമായ പിഴവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹർത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്നെങ്കിലും അണികളിൽ അങ്ങനെയല്ല വികാരം. ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഡൽഹിയിലായിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഉന്നതനായ ഒരു നേതാവാണ് ഹർത്താൽ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. ഹർത്താൽ പ്രഖ്യാപനത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണുയർന്നത്. അതിനൊരു കാരണം 400 ഓളം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തിയ മോഹൻലാൽ ചിത്രമായ ഒടിയനു വേണ്ടി കാത്തിരുന്നവരായിരുന്നു. ഇതിനിടെ ഹർത്താൽ പിൻവലിക്കാനും ആലോചനയുണ്ടായി. എന്നാൽ പിൻവലിച്ചാൽ നാണക്കേടാകുമെന്ന തിരിച്ചറിവിൽ, ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
തിടുക്കപ്പെട്ട് ഹർത്താൽ പ്രഖ്യാപിച്ച് ബി.ജെ.പി. നേതൃത്വം അബദ്ധത്തിൽ ചാടുന്നത് ഇതാദ്യമല്ല. അയ്യപ്പഭക്തനായ ശിവദാസന്റെ മൃതദേഹം നവംബർ ആദ്യം നിലക്കൽ അടുത്ത് വനത്തിൽ കണ്ടെത്തിയപ്പോഴും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 16,17 തിയതികളിലുണ്ടായ പൊലീസ് നടപടിയിൽ പരിക്കേറ്റാണ് ശിവദാസൻ മരിച്ചത് എന്നായിരുന്നു നേതൃത്വം വാദിച്ചത്. എന്നാൽ, ശിവദാസൻ 19ന് വീട്ടിലേക്ക് ഫോൺ ചെയ്തെന്നും പിന്നീടാണ് കാണാതായതെന്നും മകൻ വ്യക്തമാക്കിയതോടെ ഇതെല്ലാം പൊളിഞ്ഞു.
കേരളത്തിൽ ബിജെപി ഇത്ര ശക്തമല്ലാതിരുന്ന കാലത്ത് ജനവികാരം മനസിലാക്കാൻ ഇതിനേക്കാൾ കഴിവുള്ള നേതൃത്വമുണ്ടായിരുന്നു എന്ന വികാരം ശക്തമാണ്. 1988 ആഗസ്റ്റ് 16ന് ഉത്രാടനാളിൽ തിരുവനന്തപുരം മുരുക്കുംപുഴയിൽ ആർ.എസ്.എസുകാരായ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പിറ്റേന്ന് തിരുവോണമായതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഹർത്താൽ നടത്തിയിരുന്നില്ല. പകരം വിവിധ കേന്ദ്രങ്ങൾക്ക് മുന്നിൽ ഉപവാസമിരിക്കാനായിരുന്നു പാർട്ടി തീരുമാനം.
ശബരിമല പോലെ ഒരു വിഷയം രൂക്ഷമായ സാഹചര്യത്തിൽ കുമ്മനം രാജശേഖരൻ സംസ്ഥാനത്തുണ്ടാവേണ്ടിയിരുന്നു എന്നു ചിന്തിക്കുന്ന പാർട്ടിക്കാരും ഏറെയുണ്ട്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ന്യൂസ് 18 കേരളത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.
കാരണം ശബരിമല വിഷയത്തിൽ ഇതിനോടകം ആറ് ഹർത്താലുകൾ നടത്തിയെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടരുക എന്നതിനപ്പുറം ഇനിയെന്ത് എന്ന് നേതൃത്വത്തിനും അണികൾക്കും വ്യക്തതയില്ല.
സംസ്ഥാനത്തെ പ്രവർത്തകരുമായുള്ള വീഡിയോ കോൺഫറൻസിൽ കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെടുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങള്‍ക്കിടയിലെത്തിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന പരോക്ഷ സൂചനയാണ് പ്രധാനമന്ത്രി നൽകിയതെന്ന് ചിന്തിക്കുന്നവരുമുണ്ട്.