കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകര്‍ന്നു. ആങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുകയാണ്.
കോന്നി താലൂക്കില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്. രണ്ടു സ്ഥലത്തെയും വെള്ളം ആങ്ങമൂഴി ടൗണിലാണ് എത്തുന്നത്.
ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ് തുടരുന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പില്‍ വര്‍ധനവില്ല. നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് തുറന്നുവെച്ചിരിക്കുന്നത്. ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.
advertisement
കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കല്‍ മേഖലയില്‍ മൂന്നു മണി മുതല്‍ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. മുണ്ടക്കയം കോസ്‌വേ മുങ്ങുന്നു. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.
അതേസമയം സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി.
