നെടുമങ്ങാട് ഫയർഫോഴ്‌സും കെഎസ്ഇബി ഉദ്യോഗസ്ഥരുമെത്തി മരം മുറിച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഉച്ചയോടെ ആരംഭിച്ച മഴയും കാറ്റും ഇടിയും തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
വൈകിട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും കായംകുളം പത്തിയൂരിൽ വ്യാപക നാശനഷ്ടമുണ്ടായി. പത്തിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ക്ഷേത്രത്തിന് വടക്ക് കറുകത്തറയിൽ വാസുദേവന്റെ വീട് കാറ്റിൽ പൂർണമായും തകർന്നു. പത്തിയൂർക്കാല മങ്ങാട്ട് കോളനിക്ക് കിഴക്ക് മാവിലേത്ത് ശരീഫിന്റെ വീടിന്റെ മുകളിൽ മാവിന്റെ ചില്ല ഒടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.
advertisement
മങ്ങാട്ട് കോളനിയിൽ തെങ്ങ് കടപുഴകി വീണ് അഞ്ചു പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാമപുരത്ത് കുരിശുമൂട് മരം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ വൈദ്യുത കമ്പികൾ പൊട്ടി വീണതിനെ തുടർന്ന് കായംകുളത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡുകളിൽ വീണ മരങ്ങൾ നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് വെട്ടി മാറ്റി.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.