മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് വിശദീകരിച്ചതിന്റെ പൂർണ രൂപം
‘‘ ‘മുതലാളിത്ത വികസനപാത കൈകാര്യം ചെയ്യുന്ന ഭരണവർഗം തന്നെ കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധനശക്തികളുടെയും താൽപര്യ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പശ്ചാത്തലത്തിൽ, വർഗീയമായ നിലപാടുകളെ, ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഫലപ്രദമായി പ്രതിരോധിക്കുന്ന പ്രശ്നം കൈകാര്യം ചെയ്യുമ്പോഴാണ് എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദ നിലപാടെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഇന്നത്തെ ഇന്ത്യൻവസ്തുതയിലേക്കുള്ള പ്രവേശനമെന്നും ചൂണ്ടിക്കാണിച്ചത്. ഇതാണ് വസ്തുതാപരമായിട്ടുള്ള കാര്യം.അതായത്, ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് പകരം വെക്കേണ്ടത് എന്ന ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. പക്ഷേ ഫ്യൂഡൽ സമൂഹത്തിന്റെ ആശയപരമായ നിലപാട്, അതാണല്ലോ പ്രധാനപ്പെട്ട അടിസ്ഥാനം. ജീർണമായ സാമൂഹിക അവബോധമാണ് അവർ മുന്നോട്ടേയ്ക്ക് വയ്ക്കുന്നത്. ജീർണമായ ഒരു നിലപാടാണ്. ആ നിലപാട് അവസാനിപ്പിക്കുന്ന വർഗവീക്ഷണവും വർഗനിലപാടുമൊന്നും ഉയർന്നുവരാത്ത പശ്ചാത്തലത്തിൽ, മുതലാളിത്തം ഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ, വർഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാവുന്ന മുഴുവൻ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അതിൽ വിശ്വാസികളും അവിശ്വാസികളുമെല്ലാം ഉൾക്കൊള്ളുന്നതാണ്.
advertisement
അപ്പോൾ വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേർത്തുകൊണ്ട് ഇന്നത്തെ ഇന്ത്യൻ സാഹര്യത്തിൽ ഫ്യൂഡൽ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും അതിന്റെ ആശയങ്ങളെയും നേരിടുന്നതിന് നമുക്ക് സാധിക്കില്ല.
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന മാർക്സിയൻ പ്രപഞ്ച വീക്ഷണം ഇന്നത്തെ പരിതസ്ഥിതിയിൽ അത് എങ്ങനെ പ്രയോഗിക്കണം എന്നതാണ് അതിന്റെ പ്രായോഗികത. അല്ലാതെവൈരുധ്യാത്മക ഭൗതികവാദം അവാസാനിക്കുന്നില്ല. അങ്ങനെ പ്രയോഗിക്കുമ്പോഴാണ് ഞാൻ പറഞ്ഞത് വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തിൽ പോകുന്നവരായാലും പള്ളിയിൽ പോകുന്നവരായാലും ചർച്ചിൽ പോകുന്നവരായാലും ആ പോകുന്നവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രായോഗികമായ കാഴ്ചപ്പാട്.
അതായത് ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തിൽ, ഒന്നു കൂടി വിശദമായി പറഞ്ഞാൽ, ജീർണമായ ഫ്യൂഡൽ സംസകാരത്തിന്റെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത ആശയത്തിന്റെയും പ്രത്യേക പരിതഃസ്ഥിതിയിൽ,ഒന്നു കൂടിപ്പറഞ്ഞാൽ 1789ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിലാണല്ലോ ബൂർഷ്വാ ഐഡിയോളജി ശക്തിയായി മുൻപോട്ടുവച്ച് സമത്വത്തിന്റെ പ്രശ്നം, ജനാധിപത്യത്തിന്റെ പ്രശ്നം, സ്ത്രീസമത്വത്തിന്റെ പ്രശ്നം ഒക്കെ ഉയർന്നുവന്നിട്ടുള്ളത്. അതിന്റെ ആശയങ്ങൾപോലും പൂർണമായും ഉൾക്കൊള്ളാൻ സാധിക്കാതെ ബൂർഷ്വ ഐഡിയോളജിയുടെ കാലം എന്നു പറയുന്നത് ഈ ഫ്യൂഡൽ സംസ്കാരത്തിന്റെ മേലെ കെട്ടിപ്പടുത്തതുകൊണ്ട്, അതിന്റെ ജീർണതയിലായതുകൊണ്ട് അതുപോലും അംഗീകരിക്കാൻ സാധിക്കാത്ത ഒരു ഇന്ത്യ. ആ ഇന്ത്യയിൽ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുമ്പോൾ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ പ്രയോഗിക്കണം?
അങ്ങനെ പ്രയോഗിക്കുമ്പോഴാണ് ഞാൻ പറഞ്ഞത്, എല്ലാ വിശ്വാസികളെയും എല്ലാ അവിശ്വാസികളെയും, അമ്പലത്തിൽപോകുന്നവരെയും പള്ളിയിൽ പോകുന്നവരെയും ചർച്ചിൽ പോകുന്നവരെയും എല്ലാം കൂട്ടായിട്ട് ചേർത്ത് വർഗപരമായി, എന്ന് പറഞ്ഞാൽ ആശയപരമായല്ല: വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന തർക്കത്തിലല്ല;വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന തർക്കം മൗലികവുമല്ല.അപ്പോ വിശ്വാസിയായാലും അവിശ്വാസിയായാലും അവരെയെല്ലാം ചേർത്തുകൊണ്ട് അവരവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിൽ യോജിപ്പിച്ചു മുന്നോട്ടേയ്ക്കു പോവുക, അങ്ങനെ മുന്നോട്ടേക്ക് പോവുന്നതിൽ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നമുള്ള കാര്യമേയല്ല. അത് ഞങ്ങൾ പരിഗണിക്കുന്നില്ല.അതുകൊണ്ട് വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കുമെല്ലാം യോജിച്ച് മുന്നോട്ടേക്ക് പോവാനുള്ള സാധിക്കുന്ന ഒരു പശ്ചാത്തലം ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമായി ഉൽപാദിപ്പിച്ചിട്ടുണ്ട്. ആ നിലപാടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗമെന്ന രീതിയിൽ നമുക്കിന്ന് ഇന്ത്യയിൽ കൈകാര്യം ചെയ്യാൻ സാധിക്കുക. ഇതാണ് പറഞ്ഞതിന്റെ ചെറിയ സംഭവം. ഒന്നൊന്നര മണിക്കൂർ ദൈർഘ്യമുള്ള ദാർശനിക പ്രസംഗമാണ് കൈകാര്യം ചെയ്തത്. അതിന്റെ ചെറിയൊരു ഭാഗം മാത്രം നിങ്ങളോട് പറഞ്ഞെന്ന് മാത്രമേയുള്ളു.
വർഗവിപ്ലവം ഇല്ലെന്ന് ഞാൻ പറഞ്ഞില്ല. ’’ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.