'വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ല; ശബരിമലയിൽ എന്തു വേണമെന്നത് എല്ലാവരുമായും ചർച്ച ചെയ്യും': എം.വി ഗോവിന്ദൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നല്ല, ഇന്നത്തെ പരിതസ്ഥിതിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗികതയാണ് പറഞ്ഞത്.
കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. വിശ്വാസികളെയും അവിശ്വാസികളെയും വര്‍ഗത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണമെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ അംഗീകരിച്ചു മാത്രമേ ഇന്ത്യയിൽ ഏത് വിപ്ലവ പാർട്ടിക്കും മുന്നോട്ട് പോകാനാവൂവെന്നായിരുന്നു വിവാദ പ്രസംഗം. സിപിഎം അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്‍റെ വിവാദപ്രസംഗം.
ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു പരാമര്‍ശം. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത രാജ്യമാണ്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളില്‍ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. ആവില്ല. ഇങ്ങനെയായിരുന്നു എം വി ഗോവിന്ദന്‍റെ വാക്കുകള്‍.
advertisement
എന്നാല്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് എം വിഗോവിന്ദന്‍റെ വിശദീകരണം. വിശ്വാസികളെയും അവിശ്വാസികളെയും ഇന്ത്യന്‍ സാഹചര്യം മനസിലാക്കി വര്‍ഗാധിഷ്ഠിതമായി സംഘടിപ്പിക്കണമെന്നായിരുന്നു പ്രസംഗം. നമ്മള്‍ ജീവിക്കുന്നത് ഒരു വിശ്വാസി സമൂഹത്തിലാണെന്ന് മനസിലാക്കണം. അവരെ വര്‍ഗാധിഷ്ഠിതമായി സംഘടിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അങ്ങനെ മാത്രമേ ഫാസിസത്തെ തടഞ്ഞുനിര്‍ത്താനാവൂ എന്നുമാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read എം.വി ഗോവിന്ദന്‍ സംസാരിക്കുന്നത് ആര്.എസ്.എസ് മേധാവിയുടെ അതേ ഭാഷയിൽ; മുല്ലപ്പള്ളി രാമചന്ദ്രൻ
താന്‍ പറഞ്ഞത് വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നല്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗികതയാണ്. വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തിലോ, പളളിയിലോ ചര്‍ച്ചിലോ പോകുന്നയാളായാലും ആ പോകുന്നവരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാടെന്ന് എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.
advertisement
ശബരിമലയിലെ പുനപരിശോധ ഹര്‍ജിയില്‍ വിധി വന്ന ശേഷം എന്തു വേണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് എം വിഗോവിന്ദന്‍ പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും എം വിഗോവിന്ദന്‍ വ്യക്തമാക്കി. അമൂര്‍ത്തമായ സാഹചര്യങ്ങളിലെ നിലപാടുകള്‍ മൂര്‍ത്തമായ സാഹചര്യങ്ങളില്‍ മാറാം. തെരഞ്ഞെടുപ്പിലേറ്റ പരാജയമാണോ നിലപാട് മാറ്റത്തിന് കാരണമെന്ന ചോദ്യത്തോടായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.
എം വി ഗോവിന്ദന്റെ പ്രസംഗം തെരഞ്ഞെടുപ്പ് ചർച്ചയാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം.സിപിഎമ്മിന്റെ കാപട്യം പുറത്ത് വന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ പ്രതികരണം. ബിജെപിയുടെ നിലപാടിലേക്ക് സിപിഎമ്മും എത്തിചേർന്നതിൽ സന്തോഷമുണ്ടെന്നും ശബരിമലയില്‍ സംഭവിച്ച തെറ്റ് ഏറ്റുപറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ വിശ്വാസസംരക്ഷണത്തിനായി പ്രതിഷേധിച്ച നിരവധി വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആ കേസുകള്‍ പിന്‍വലിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സുരേന്ദ്രനടക്കം വിമര്‍ശിക്കുന്നവര്‍ക്ക് തന്‍റെ വാക്കുകള്‍ മനസിലായില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രസിയോ ജനാധിപത്യമോ കമ്മ്യൂണിസമോ എന്താണെന്ന് പോലും അറിയാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2021 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞിട്ടില്ല; ശബരിമലയിൽ എന്തു വേണമെന്നത് എല്ലാവരുമായും ചർച്ച ചെയ്യും': എം.വി ഗോവിന്ദൻ