'വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല': എം.വി. ഗോവിന്ദൻ

Last Updated:

നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്

കണ്ണൂർ: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്. കണ്ണൂരിൽ കെ എസ് ടി എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണ്. നമ്മളിൽ പലരുടെയും ധാരണ വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്നും എം. വി ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം എന്ന വാദം ഉയരുന്നത് ബൂർഷ്വാ ജനാധിപത്യത്തിനുപോലും വിലയില്ലാത്തതുകൊണ്ടാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ അതിൽ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ മുന്നിൽ നിർത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നത് തെറ്റാണ്. അത് സാധിക്കില്ല. അതിനാൽ വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തിൽ നിന്നേ പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരന്‌ ഫ്യൂഡൽ മാടമ്പിമാരുടെ ഭാഷയാണെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. സാധാണക്കാരെ ദൃഷ്‌ടിക്കുപോലും കണ്ടുകൂടാത്ത ചാതുർവർണ്യത്തിന്റെ ആശയമാണ്‌ അദ്ദേഹവും അദ്ദേഹത്തെ ന്യായീകരിക്കുന്നവരും പ്രചരിപ്പിക്കുന്നത്‌. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യത്ത്‌ അതിന്റെ ആശയങ്ങളൊന്നും സ്വാംശീകരിക്കാതെ സമൂഹത്തിന്റെ ജീർണതയ്‌ക്കുമേൽ വികസനം കെട്ടിവയ്‌ക്കുകയാണ്‌ ചെയ്‌തത്‌. അതിനാൽ ഭൂപ്രഭുത്വത്തിന്റെ ജീർണത അതുപോലെ നിലനിൽക്കുകയാണ്‌. ജാതിവ്യവസ്ഥയുടെ ഭാഗമായ തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ എന്നിവയുടെ അടിവേര്‌ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
advertisement
ജനകീയ വിദ്യാഭ്യാസത്തിലൂടെയാണ്‌ കേരളത്തിൽ ചാതുർവർണ്യം ഇല്ലാതായത്‌‌. 1957ലെ ഭരണ ഇടപെടലിലൂടെയാണ്‌ ജനകീയവിദ്യാഭ്യാസത്തിന്‌ പുതിയ രൂപവും ഭാവവും നൽകിയത്‌. ഇപ്പോൾ പശ്ചാത്തല സൗകര്യ വികസനത്തിൽ ഉൾപ്പെടെ വളരെയേറെ മാറ്റം ഉണ്ടായി. സ്ഥായിയായ മാറ്റം എല്ലാ മേഖലയിലും ഉണ്ടാക്കാനായി സംസ്ഥാനത്ത്‌ തുടർഭരണം അത്യാവശ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
മതധ്രുവീകണവും വർഗീയധ്രുവീകരണവും രണ്ടാണ്‌. മതധ്രുവീകരണത്തിന്റെ ഭാഗമായാണ്‌ ഹിന്ദുത്വരാഷ്‌ട്രമെന്ന വാദം രാജ്യത്ത്‌ ഉയർന്നത്‌. ഇപ്പോൾ വീണ്ടും ഇത്‌ ഉയർന്നുവരുന്നത്‌ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്‌. പാകിസ്ഥാൻ രൂപീകരിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കായി
തുടരുന്നതിൽ അമർഷം പൂണ്ട അർ എസ്‌‌എസ്‌ ഉൾപ്പെടെയുള്ള വർഗീയവാദികൾ യോഗം ചേർന്നു. ഹിന്ദുത്വ രാഷ്‌ട്രവാദത്തെ എതിർത്ത ഗാന്ധിജിയെ നിശബ്‌ദമാക്കണമെന്നായിരുന്നു യോഗത്തിൽ ഗോൾവാൾക്കറുടെ പ്രസംഗം. ഈ യോഗം കഴിഞ്ഞ്‌ 52ാം ദിവസമാണ്‌ ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുകൊല്ലുന്നത്‌. ഗാന്ധിജിയെ വധിക്കാനായി ആയുധപരിശീലനം നേടിയ നിരവധിയാളുകൾ രാജ്യത്തുണ്ടായിരുന്നു. അതിന്‌ അവസരം കിട്ടിയ ഒരാൾ മാത്രമാണ്‌ ഗോഡ്‌സെ. മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരം ആശയങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനാകൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല': എം.വി. ഗോവിന്ദൻ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement