തൃശൂർ സ്വദേശിനിയായ യുവതി വിവാഹബന്ധം നിലനിൽക്കെ 2017-ൽ കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അന്ന് ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ സ്ഥാനത്ത് ഭർത്താവിൻ്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ആറ് വർഷത്തോളം കുട്ടി തൻ്റേതാണെന്ന് കരുതിയാണ് ഭർത്താവ് വളർത്തിയത്. എന്നാൽ പിന്നീട് കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും 2023-ൽ ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.
വിവാഹമോചനത്തിന് പിന്നാലെ യുവതി കുഞ്ഞിൻ്റെ യഥാർത്ഥ പിതാവായ കാമുകനെ വിവാഹം കഴിച്ചു. തുടർന്ന് ജനന സർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിൻ്റെ പേര് മാറ്റി ഇപ്പോഴത്തെ ഭർത്താവിൻ്റെ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യ ഭർത്താവിനെ അറിയിക്കാതെയാണ് ഹർജി നൽകിയതെങ്കിലും അദ്ദേഹത്തെ കൂടി കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു.
advertisement
തൻ്റെ മകളാണെന്ന് ആറ് വർഷത്തോളം കരുതിയ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ നിന്ന് പേര് മാറ്റാൻ തനിക്ക് എതിർപ്പില്ലെന്ന് ആദ്യ ഭർത്താവ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഈ മാന്യമായ സമീപനത്തെ കോടതി പ്രശംസിച്ചു. ഹർജിക്കാരുടെ ആവശ്യം എന്നതിലുപരി നിരപരാധിയായ ആദ്യ ഭർത്താവിൻ്റെ മാന്യത കാക്കാനും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പിതാവിൻ്റെ പേര് മാറ്റാൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
