കോട്ടയം ഭാഷയിൽ ഇത് ‘നടപടി ഉള്ള കേസാണോ?’
1970 ല്‍ ഉമ്മന്‍ ചാണ്ടിയെന്ന പേരിനൊപ്പം ചേരുന്നതുവരെ പുതുപ്പള്ളി അടയാളപ്പെട്ടത് സിപിഎം മണ്ഡലം എന്ന നിലയിലാണ്. ഇ എം ജോർജ് രണ്ടു തവണ ജയിച്ച മണ്ഡലം പിന്നീട് രണ്ടു തവണ അതിരുകൾ മാറി. 2011 മുതലാണ് നിലവിലെ രൂപത്തിൽ എത്തിയത്. ഇതിനിടെ മൂന്ന് ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ കോട്ടയം മണ്ഡലത്തിലെ പുതുപ്പള്ളിയിൽ ഇടതു മുന്നണി ലീഡ് നേടി. മൂന്ന് തവണയും സുരേഷ് കുറുപ്പ് തന്നെ. 1984 ൽ 1800ലേറെ ലീഡ് നേടി. 1999 ൽ പി സി ചാക്കോയ്ക്ക് എതിരെ 850 വോട്ട് ലീഡ് നേടി. 2004 ൽ ആന്റോ ആന്റണിയെ പരാജയപ്പെടുത്തിയപ്പോൾ ലീഡ് 4995.
advertisement
ഇപ്പോൾ എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും. ഇതില്‍ ആറെണ്ണം എൽഡിഎഫിന് കീഴില്‍. മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. ഒപ്പം മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളില്‍ 14 ലും സിപിഎം ഭരണസമിതി.
ബിജെപി ശക്തി തെളിയിച്ചാൽ ഇടതിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ?
വിവിധ ഹിന്ദു വിഭാഗങ്ങൾക്ക് സ്വാധീനം ഉള്ള മണ്ഡലം. നിയമസഭയിലേക്ക് താമര ചിഹ്നത്തിൽ വോട്ട് വീഴുന്നില്ലെങ്കിലും ബിജെപിക്ക് സ്വാധീനമുള്ള പോക്കറ്റുകൾ മണ്ഡലത്തിൽ ഉണ്ട്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തം. അഞ്ച് പഞ്ചായത്തുകളിലെങ്കിലും സ്വാധീനം ഉള്ള കേരളാ കോൺഗ്രസ് വിഭാഗങ്ങൾ കോൺഗ്രസിനൊപ്പവും സിപിഎമ്മിനൊപ്പവും ചേരുമ്പോൾ ബിജെപി തനിച്ചാണ് മത്സരം എന്നതും ശ്രദ്ധേയമാണ്
എട്ടു പഞ്ചായത്തുകളിലായി 140 വാർഡുകൾ. ഇതിൽ ഏതാണ്ട് പകുതിയോളം വാർഡുകളിൽ മറ്റു രണ്ടു മുന്നണികളുമായി ഏറ്റുമുട്ടാൻ ശക്തിയുണ്ട് ബിജെപിക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ (2020) അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, പുതുപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലായി 11 വാർഡുകൾ മാത്രമാണ് നേടിയത്. എന്നാൽ മീനടം ഒഴികെ ഏഴു പഞ്ചായത്തിലും ആകെ വാർഡുകളുടെ പകുതിയിൽ ശക്തമായ സാന്നിധ്യമായി. അങ്ങനെ ബിജെപി വോട്ടുകൾ ഇടതു കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നതു പോലെ 25,000 വരും.
2019 ലോക് സഭാ തെരഞ്ഞെടുപ്പിലെ പുതുപ്പള്ളി വോട്ടുകൾ
നിയമസഭയിലേക്ക് ബിജെപിയുടെ മികച്ച പ്രകടനം 2016 ആയിരുന്നുവെങ്കിലും മണ്ഡലത്തിൽ ബിജെപി മുന്നണിയുടെ ടോപ് പെർഫോമൻസ് 2019 ലോക് സഭയിലേക്കായിരുന്നു. ഇപ്പോൾ ഇടതു മുന്നണിയിൽ ഉള്ള കേരളാ കോൺഗ്രസ് (എം ) സ്ഥാനാർഥി തോമസ് ചാഴികാടൻ യുഡിഎഫിലും ഇപ്പോഴത്തെ മന്ത്രി വി എൻ വാസവൻ എൽ ഡി എഫിലും മത്സരിച്ച കോട്ടയത്ത് എൻ ഡി എ സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി പി സി തോമസ്.
ബിജെപി മുന്നണിക്ക് ലോക്സഭയിലേക്ക് ഇതുവരെ കേരളത്തിൽ നിന്ന് വിജയിച്ച നേതാവാണ് പി സി തോമസ്. ഇതിനൊപ്പം ശബരിമല വിശ്വാസികളുടെ വികാരവും പ്രതിഫലിച്ചപ്പോൾ ശക്തമായ ത്രികോണ മത്സര പ്രതീതി ഉണ്ടാക്കി. അങ്ങനെ എൻ ഡി എക്ക് ആകെ പോൾ ചെയ്ത 1,27,385 വോട്ടിൽ 20,911. എൽ ഡി എഫിന് 39,484 യുഡിഎഫിന് 63,811 ഇങ്ങനെ വോട്ട്. അതായത് 2016 നിയമസഭയേക്കാൾ പോൾ ചെയ്ത വോട്ട് 6,019 കുറഞ്ഞപ്പോഴും എൻ ഡി എയ്ക്ക് 4,918 വോട്ട് കൂടുതൽ. എന്നാൽ യുഡിഎഫിന് 7,786 വോട്ടും എൽഡിഎഫിന് 5,021 വോട്ടും കുറവ്.
2016 ൽ ഉമ്മൻചാണ്ടിക്ക് 71,597 വോട്ട് കിട്ടിയപ്പോൾ ബിജെപിയുടെ ജോർജ് കുര്യന് വോട്ട് 15,993. ഏറ്റവും ഉയർന്ന ശതമാനം 11.93. വോട്ടിൽ 6.22 ശതമാനം വർധന. ഉമ്മൻ ചാണ്ടിയ്ക്ക് 6.32 ശതമാനം കുറവ്. ജെയ്ക്കിന് 44,505 വോട്ട്. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ വോട്ട് വീണ്ടും 5.34 ശതമാനം കുറഞ്ഞ് 63,372 എത്തി, (48.08 %). ജെയ്ക്കിന് കിട്ടിയത് 54,328 (41.22%). കൂടിയത് 8 ശതമാനം. എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞു. എന്‍ ഹരിയ്ക്ക് 11,694(8.87%). 3.06 ശതമാനം കുറവ്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044.
Also Read- പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല നിയമസഭ. ഓരോ വാർഡിലെയും ജയസാധ്യത മാത്രം നോക്കിയുള്ള വോട്ടിൽ നിന്ന് ഏറെ മാറ്റം വരും. എന്നാൽ ബിജെപിക്ക് ജയസാധ്യത ഇല്ലാതിരുന്ന നിയമസഭാ മണ്ഡലത്തിൽ അന്ന് ഉമ്മൻ ചാണ്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ബിജെപി അനുകൂല വോട്ടുകൾ ഇപ്പോൾ എങ്ങോട്ട് പോകും എന്നതും പ്രസക്തമാണ്. ഒപ്പം ഇക്കുറി മറ്റ് എന്തൊക്കെ ഘടകങ്ങൾ ആ വോട്ടർമാരെ സ്വാധീനിക്കും എന്നതും.