TRENDING:

ശങ്കരനാരായണൻ; പെൺമക്കളുള്ള മാതാപിതാക്കളുടെ ഹീറോ ആയി മാറിയ അച്ഛൻ; മകളെയോർത്ത് കണ്ണീരുണങ്ങാതെ മരണം വരെ

Last Updated:

ജാമ്യത്തിലിറങ്ങിയ പ്രതിയുമായി ചങ്ങാത്തം. ഒരുമിച്ച് മദ്യപാനം. കണ്ടവരെല്ലാം കിറുക്കനെന്ന് വിളിച്ചു. പക്ഷേ ആ നെഞ്ചിനുള്ളിലെ തീ ആരും കണ്ടില്ല....

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ശങ്കരനാരായണൻ.. ഈ പേര് പെണ്‍മക്കളുള്ള അച്ഛന്മാർക്കാർക്കാർക്കും മറക്കാനാകില്ല. കൊലക്കേസിൽ അറസ്റ്റ് ചെയ്യുമ്പോഴും ജയിലിൽ കിടക്കുമ്പോഴും ഇത്രയേറെ വീരപരിവേഷം കിട്ടിയ മറ്റൊരു 'പ്രതി'യും സംസ്ഥാനത്ത് വേറെ കാണില്ല. ജയിലുകളിൽ ശങ്കരനാരായണന് കിട്ടിയിരുന്ന അഭിനന്ദന കത്തുകളുടെ എണ്ണം അത് സാക്ഷ്യപ്പെടുത്തുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ. പെൺമക്കളുള്ള മാതാപിതാക്കളുടെ മനസിൽ ആ അച്ഛന് എങ്ങനെയാണ് വീരപരിവേഷം കിട്ടിയത്?
News18
News18
advertisement

2001 ഫെബ്രുവരി 9. ആ വൈകുന്നേരമാണ് ശങ്കരനാരായണന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. 13 വയസ് മാത്രം പ്രായമുള്ള മകൾ കൃഷ്ണപ്രിയ സ്കൂൾ വിട്ട് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലിൽ അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്ള തോട്ടത്തിൽ കണ്ടെത്തി. തിരച്ചിലിന് കൂടെയുണ്ടായിരുന്നത് അയൽവാസിയായ മുഹമ്മദ് കോയ. കൊലയ്ക്ക് പിന്നിൽ പരിചയക്കാര്‍ ആരെങ്കിലുമാകാം എന്ന സംശയത്തിൽ പൊലീസിന്‍റെ അന്വേഷണം നീണ്ടു.

തിരച്ചിലിന് മുന്നിലുണ്ടായിരുന്ന അയൽവാസി മുഹമ്മദ് കോയ (24) പിന്നീട് മുങ്ങി. സ്ത്രീകളെ ഉപദ്രവിച്ചതും ഒളിഞ്ഞുനോട്ടത്തിനും ലഹരിക്കേസുകളിലും മറ്റും പ്രതിയായ കോയയെ പൊലീസ് പിടികൂടി. കൃഷ്ണപ്രിയയെ കൊന്ന് തള്ളുന്നതിനിടെ ഇയാൾ‌ കൈക്കലാക്കിയ ആഭരണവും കണ്ടെടുത്തു. വൈകാതെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

advertisement

സിനിമയെ വെല്ലും പ്രതികാരം

2002 ജൂലൈയിൽ പ്രതി മുഹമ്മദ് കോയ ജാമ്യത്തിലിറങ്ങി. പുറത്തിറങ്ങിയ കോയയുമായി ശങ്കരനാരായണൻ ചങ്ങാത്തത്തിലായി. ഇതു കണ്ട നാട്ടുകാർ അന്തംവിട്ടുനിന്നു. അയാൾക്ക് കിറുക്കെന്ന് അവരെല്ലാം പറഞ്ഞു. നാട്ടിലെ പാറപ്പുറത്തിരുന്ന് കോയയും ശങ്കരനാരായണനും മദ്യപിച്ചു. നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞ് കളിച്ചുചിരിച്ചു. എന്നാൽ ഈ സമയമെല്ലാം ശങ്കരനാരായണന്റെ ഇടനെഞ്ചിൽ ആളിപ്പടരുന്ന തീ ആരും തിരിച്ചറിഞ്ഞില്ല.

Also Read- മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ശങ്കരനാരായണൻ വിടവാങ്ങി

advertisement

2002 ജൂലൈ 27ന് ആ നാട് കേട്ടുണർന്നത് മുഹമ്മദ് കോയയുടെ മരണവാർത്തായിരുന്നു. കൃഷ്ണപ്രിയയുടെ കൊലയാളി പൊട്ടക്കിണറ്റിൽ വെടിയേറ്റ് മരിച്ച നിലയിൽ. കൊന്നതാരെന്ന് പൊലീസിന് തെല്ലും സംശയമുണ്ടായിരുന്നില്ല. പൊലീസ് നേരെ ശങ്കരനാരായണനെ തേടി വീട്ടിലെത്തി. അറസ്റ്റ് ചെയ്തു. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ, തിര നിറച്ച തോക്ക് സംഘടിപ്പിച്ച് തക്കം നോക്കി മുഹമ്മദ് കോയയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസിന് കീഴടങ്ങിയ ശങ്കരനാരായണൻ മൊഴി നൽകി. ക്ഷേത്രത്തിന് പുറകിൽ വച്ച് രണ്ട് തവണ വെടിയുതിർത്ത് കൊലപ്പെടുത്തിയ ശേഷം വീട്ടുപറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. ജീവപര്യന്തം തടവാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശങ്കരനാരായണന് വിധിച്ചത്. സഹായിച്ച രണ്ട് സുഹൃത്തുക്കൾക്ക് മൂന്നു മാസം വീതം തടവും വിധിച്ചു. ശങ്കരനാരായണനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.

advertisement

ആ നിർണായക ചോദ്യം

അപ്പീൽ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി പ്രോസിക്യൂഷനോട് ഒരു ചോദ്യം ചോദിച്ചു. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് കോയയ്ക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. വാദപ്രതിവാദങ്ങൾക്ക് ശേഷം കൊല്ലപ്പെട്ട പ്രതിക്ക് ഒരാൾ മാത്രമല്ല ശത്രുക്കൾ എന്ന നിരീക്ഷണത്തോടെ, വേണ്ടത്ര തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ശങ്കരനാരായണനെ വെറുതെ വിട്ടു. 7 മാസവും 3 ദിവസവും തടവ് അനുഭവിച്ചതിനു ശേഷം അദ്ദേഹം പുറത്തിറങ്ങി.

കൃഷ്ണപ്രിയ ജീവിച്ചിരുന്നെങ്കില്‍ 37 വയസായേനെ

ജീവിച്ചിരുന്നെങ്കില്‍ 37 വയസുണ്ടായിരുന്നേനെ കൃഷ്ണപ്രിയയ്ക്ക്. 'ആ കാണുന്നതാ മുഹമ്മദ് കോയയുടെ വീട്. തൊട്ടടുത്ത് കാണുന്ന വീട്ടിലേക്ക് കൈ ചൂണ്ടി ശങ്കരനാരായണന്‍ പറഞ്ഞു. അവന്‍ ഇവിടെ മിക്കവാറും വരാറുള്ളതാ.. വെള്ളം കോരാന്‍ പക്ഷേ എന്റെ അമ്മ സമ്മതിക്കുമായിരുന്നില്ല... അപ്പോള്‍ മോളായിരുന്നു അയാള്‍ക്ക് വെള്ളം കോരി കൊടുത്തിരുന്നത്...എന്നിട്ടും...'- പുറത്തിറങ്ങിയശേഷം ഒരു അഭിമുഖത്തില്‍ ശങ്കര നാരായണൻ പറഞ്ഞു.

advertisement

'അവന്‍... മുഹമ്മദ് കോയ മരിക്കരുതായിരുന്നു... അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം... പിന്നീടൊരിക്കലും അവനീ പണി ചെയ്യരുത്... വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവന്‍ ചാകണമായിരുന്നു...'  ശങ്കരനാരായണന്‍ പറഞ്ഞു. മകളുടെ മരണവും ജയില്‍ വാസവും മോചനവും എല്ലാമായി പ്രക്ഷുബ്ധമായിരുന്നു ശങ്കരനാരായണന്റെ ജീവിതം. നാട്ടുകാര്‍ തന്നെ കുറ്റപ്പെടുത്തിയില്ലെന്നും പിന്തുണ തന്നുവെന്നും ശങ്കരനാരായണന്‍ പറഞ്ഞിരുന്നു. 'നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ഒരുപാട് പിന്തുണ തന്നു. ആരും കുറ്റപ്പെടുത്തിയില്ല. '- ശങ്കരനാരായണൻ പറഞ്ഞു.

പ്രിയപ്പെട്ട അച്ഛാ...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ കുറച്ചുനാളുകളില്‍ ശങ്കരനാരായണനെ തേടി വന്നത് നൂറുകണക്കിന് കത്തുകള്‍. 'പ്രിയപ്പെട്ട അച്ഛാ..' എന്ന് അഭിസംബോധന ചെയ്തായിരുന്നു മിക്ക കത്തുകളും. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു പകരം പൊതുജനമധ്യത്തില്‍ തുറന്നുവിടണമെന്ന ശങ്കരനാരായണന്റെ പരാമര്‍ശം മകള്‍ നഷ്ടപ്പെട്ട അച്ഛന്റെ വൈകാരിക പ്രതികരണം മാത്രമായിരുന്നു. ക്രൂരപീഡനങ്ങളുടെ വാർത്തകൾ തുടർക്കഥയാകുമ്പോഴെല്ലാം ഓരോ അച്ഛനമ്മമാരും ആ പേര് ഓർത്തുവച്ചു.... ഒരിക്കലും നല്ലൊരു മാതൃകയല്ലെന്ന് അടിവരയിടുമ്പോൾ തന്നെ, പെൺകുട്ടികൾ പിച്ചിചീന്തപ്പെടുമ്പോഴെല്ലാം ഈ പേര് കേരളം ഓർമിക്കും എന്ന് ഉറപ്പ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശങ്കരനാരായണൻ; പെൺമക്കളുള്ള മാതാപിതാക്കളുടെ ഹീറോ ആയി മാറിയ അച്ഛൻ; മകളെയോർത്ത് കണ്ണീരുണങ്ങാതെ മരണം വരെ
Open in App
Home
Video
Impact Shorts
Web Stories