ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്ന നിലയ്ക്കാണ് കേരളത്തിൽ ഈ വർഷം ഹർത്താൽ ഇന്നിങ്സ് പുരോഗമിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ കൂടാതെ മത്സ്യസംരക്ഷണ സമിതി, പൗരസമിതി, ജലസംരക്ഷണസമിതി, ദളിത് സംഘടനകളുടെ ഐക്യവേദി, ഹിന്ദുഐക്യവേദി, യാക്കോബായ സഭ, അയ്യപ്പധർമ്മസമിതി തുടങ്ങി വിവിധ സംഘടനകളും പ്രാദേശികമായി നാട്ടുകാർ വരെ ഹർത്താലാഹ്വാനത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്.
ഹർത്താൽ തന്നെ ഹർത്താലിന് കാരണമായ സന്ദർഭങ്ങളുമുണ്ട്. ഏപ്രിൽ 16ന് കശ്മീരിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനംചെയ്ത ഹർത്താലിൽ കടകൾ തകർത്തെന്ന് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ താനൂരിൽ വ്യാപാരി വ്യവസായികൾ തൊട്ടടുത്ത ദിവസം ബദൽ ഹർത്താൽ നടത്തിയത്. ആത്മഹത്യ, കൊലപാതകം, രാഷട്രീയ അതിക്രമങ്ങൾ, പൊലീസ് നടപടി എന്നിവയെല്ലാം ഹർത്താലിന് കാരണമായിട്ടുണ്ട്. ആത്മഹത്യയുടെ പേരിൽമാത്രം അഞ്ച് ഹർത്താലുകളാണ് നടന്നത്.