ശബരിമല: വൃശ്ചികമാസത്തിൽ ബിജെപിയുടെ മൂന്നാമത്തെ ഹർത്താൽ
Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വൃശ്ചികമാസം പിറന്നശേഷം ബി.ജെ.പി നടത്തുന്ന മൂന്നാമത്തെ ഹർത്താലാണ് വെള്ളിയാഴ്ചത്തേത്. ഇതിൽ രണ്ടെണ്ണം സംസ്ഥാന ഹർത്താലുകളും ഒന്ന് തിരുവനന്തപുരം ജില്ലയിലുമായിരുന്നു. ശബരിമല വിഷയത്തിൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ബിജെപി നടത്തുന്ന അഞ്ചാമത്തെ ഹർത്താലാണ് വെള്ളിയാഴ്ച നടക്കുക. തിരുവനന്തപുരം ജില്ലക്കാർക്ക് ഈ ആഴ്ച രണ്ടാമത്തെ ഹർത്താലാണിത്. ചൊവ്വാഴ്ചയും ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
വൃശ്ചികം ഒന്ന് പുലർന്നതുതന്നെ ബിജെപി ഹർത്താലോടെയായിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 17ന് സംസ്ഥാന ഹർത്താലായിരുന്നു. പുലർച്ചെ മൂന്നുമണിക്കായിരുന്നു ഹർത്താൽ പ്രഖ്യാപനം. അതുകൊണ്ടുതന്നെ പലരും രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ടശേഷമായിരുന്നു ഹർത്താൽ വിവരം അറിഞ്ഞത്. അയ്യപ്പ ഭക്തർ അടക്കം വഴിയിൽ കുരുങ്ങുകയും ചെയ്തു.
ഡിസംബർ 11ന് ശബരിമല വിഷയത്തിൽ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി. ഹർത്താൽ ആചരിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല വിഷയത്തിൽ സമരം ചെയ്തവരെ പൊലീസ് മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍. സർക്കാരിന്റെ ശബരിമല നിലപാടിൽ മനംനൊന്താണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 7:38 PM IST