TRENDING:

‌ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന് സിബിഐ FIR; കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു

Last Updated:

തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി മുമ്പാകെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സി ബി ഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സി ബി ഐ യൂണിറ്റാണ് അന്വേഷണം നടത്തുക. കേസന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ്‌, ജെസ്‌നയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി മുമ്പാകെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബിഐ തിരുവനന്തപുരം മേധാവി നന്ദകുമാര്‍ നായര്‍ ആണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍, എഫ്‌ഐആറില്‍ പ്രതികളുടെ പേരോ മറ്റു സൂചനകളോ ഇല്ല.
advertisement

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജസ്‌നയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

Also Read- ജസ്ന മരിയ ജെയിംസ് എവിടെ ? സിബിഐ അന്വേഷിക്കാൻ എന്ത് ദുരൂഹതയാണ് ഇതിൽ ഉള്ളത് ?

advertisement

ജസ്ന തിരോധാനക്കേസില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ജസ്‌നയുടെ സഹോദരൻ ജെയ്‌സാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇത് പരിഗണിച്ച കോടതി ഫെബ്രുവരി 19ന് കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവിട്ടു.

ജസ്നയുടെ തിരോധാനം?

കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസ്. സാമ്പത്തിക ശേഷിയുള്ള കുടുംബം. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും. അമ്മ മരിച്ചു. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്നും 2018 മാർച്ച് 22ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. രാവിലെ 9.30 മുതല്‍ കാണാതായി എന്ന് കണക്കാക്കപ്പെടുന്നു.

advertisement

കോൺട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്ക് പോയി. സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ കൈവശം മറ്റൊന്നും എടുക്കാതെയാണ് പുറത്തുപോയത്.

വീട്ടിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിൽ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയിൽപ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള എരുമേലി വഴി പോകുന്ന ബസിൽ ജസ്‌ന കയറിയതായി മാത്രമാണ് പൊലീസിന് ലഭിച്ച തെളിവ്. പിന്നീട് ജസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നൽകി.

advertisement

അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന സമയം ജസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി എന്നാണ് കരുതുന്നത്. അങ്ങോട്ടുള്ള ബസ്സിൽ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല.

ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ മറ്റു ഗാഢ സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാർഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്.

advertisement

പൊലീസ് അന്വേഷണം?

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ തിരഞ്ഞ പൊലീസ് ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായിരുന്നു.

കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എഡിജിപി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല.

പ്രധാനമന്ത്രിക്ക് പരാതി

കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് 2021 ജനുവരിയിൽ ബിജെപി നേതാക്കളുടെ സഹായത്തോടെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയുടെ കാറിലേക്ക് കരി ഓയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2021 ഫെബ്രുവരി 3 ന് എരുമേലി സ്വദേശി രഘുനാഥൻ നായരാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത്. രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ നീതി നിഷേധം നടക്കുകയാണെന്നും കേസുകൾ അനന്തമായി നീളുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ജസ്നയുടെ ചിത്രമുള്ള പോസ്റ്റർ രഘുനാഥൻ നായരുടെ കൈവശമുണ്ടായിരുന്നു. ജഡ്ജിയുടെ കാർ കോടതി വളപ്പിനകത്തേക്ക് കയറുമ്പോൾ എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്നായിരുന്നു ഇയാൾ കരി ഓയിൽ ഒഴിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന് സിബിഐ FIR; കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories