ജസ്ന മരിയ ജെയിംസ് എവിടെ ? സിബിഐ അന്വേഷിക്കാൻ എന്ത് ദുരൂഹതയാണ് ഇതിൽ ഉള്ളത് ?
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
2018 മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ ഇരുപതുകാരി പിന്നെ തിരിച്ചെത്തിയില്ല.
കോട്ടയം : ' നിന്നനില്പിൽ മാഞ്ഞു പോയതുപോലെയാണ് ജസ്‌ന പോയത്' രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്ന ജസ്ന മരിയ ജെയിംസ് എന്ന ഇരുപതുകാരിയെ മൂന്നു വർഷം മുമ്പ് കാണാതായതിനെക്കുറിച്ച് ഒരു നാട്ടുകാരൻ പറഞ്ഞതിങ്ങനെ.
എവിടെ നിന്ന് തുടങ്ങുന്നു ?
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസ്. സാമ്പത്തിക ശേഷിയുള്ള കുടുംബം.മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും. അമ്മ മരിച്ചു.
മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്നും 2018 മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. രാവിലെ 9.30 മുതല്‍ കാണാതായി എന്ന് കണക്കാക്കപ്പെടുന്നു.
advertisement
കോൺട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്ക് പോയി. സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ കൈവശം മറ്റൊന്നും എടുക്കാതെയാണ് പുറത്തുപോയത്.
വീട്ടിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിൽ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയിൽപ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള എരുമേലി വഴി പോകുന്ന ബസിൽ ജസ്‌ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നൽകി
advertisement
എങ്ങനെ? എങ്ങോട്ട് ?
അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന സമയം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.
പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി എന്നാണ് കരുതുന്നത്. അങ്ങോട്ടുള്ള ബസ്സിൽ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല.
ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ മറ്റു ഗാഢ സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ ATM കാർഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്.
advertisement
ഉത്തരം മുട്ടിയ പോലീസ്
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ തിരഞ്ഞ പൊലീസ് ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായിരുന്നു.
advertisement
കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുൻ എഡിജിപി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല.
പ്രധാനമന്ത്രിക്ക് പരാതി
കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് 2021 ജനുവരിയിൽ ബിജെപി നേതാക്കളുടെ സഹായത്തോടെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ പിതാവ് പറഞ്ഞു.
advertisement
ഹൈക്കോടതി ജഡ്ജിയുടെ കാറിലേക്ക് കരി ഓയിൽ
2021 ഫെബ്രുവരി 3 ന് എരുമേലി സ്വദേശി രഘുനാഥൻ നായരാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത്. രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ നീതി നിഷേധം നടക്കുകയാണെന്നും കേസുകൾ അനന്തമായി നീളുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ജസ്നയുടെ ചിത്രമുള്ള പോസ്റ്റർ രഘുനാഥൻ നായരുടെ കൈവശമുണ്ടായിരുന്നു. ജഡ്ജിയുടെ കാർ കോടതി വളപ്പിനകത്തേക്ക് കയറുമ്പോൾ എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്നായിരുന്നു ഇയാൾ കരി ഓയിൽ ഒഴിച്ചത്.
advertisement
ലൗ ജിഹാദ്
' ഹൃദയം പണയംവെക്കരുത്' എന്ന പേരിൽ ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രചാരണപരിപാടികൾ ഫെബ്രുവരിയിൽ തുടങ്ങിയിരുന്നു. ജസ്നയുടെ തിരോധാനത്തിന് ലൗ ജിഹാദുമായി ബന്ധമുണ്ട് എന്ന ആരോപണം ചില കോണുകളിൽ നിന്നുയർന്നിരുന്നു. തുടർന്ന് ജസ്നയുടെ തിരോധാനം മുൻനിർത്തി ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിലാണ് വിവിധപരിപാടികൾ. സംഘപരിവാർകേന്ദ്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി. ആദ്യമായാണ് പരസ്യമായി രംഗത്തിറങ്ങുന്നത്.
ഇനി സിബിഐ
ജസ്‌ന തിരോധാന കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19 ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകൾ കൈമാറേണ്ടത്.
ജസ്നയുടെ തിരോധനത്തിന് പിന്നിൽ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി.
സിബിഐയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും യാത്രാ സൗകര്യം അടക്കം ആവശ്യത്തിനുള്ള സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സിബിഐ ആവശ്യപ്പെട്ടു. സൗകര്യങ്ങൾ നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരൻ ജയ്സ് ജോൺ ജയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതും സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ജസ്നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജസ്നയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവിയും പെൺകുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
English Summary: Three years after Jesna Maria James, a 20-year-old went missing, Central Bureau of Investigation (CBI) is going to probe into her disappearance on March 22, 2018. The Special Investigation Team formed by the State Police to probe the disappearance of the second-year BCom student from her home in Pathanamthitta district could not achieve its goal.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 19, 2021 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജസ്ന മരിയ ജെയിംസ് എവിടെ ? സിബിഐ അന്വേഷിക്കാൻ എന്ത് ദുരൂഹതയാണ് ഇതിൽ ഉള്ളത് ?