അടുത്ത കാലത്തായി സ്ത്രീയും അവളുടെ ലൈംഗികതയും വളരെ ആക്ഷേപിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഏറെ വര്‍ധിച്ചു വരുന്നുണ്ട്. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്ന ചില വീഡിയോകളില്‍ നിന്ന് നമുക്കത് മനസ്സിലാക്കാം. സ്ത്രീയേയും അവളുടെ ലൈംഗികതയെയും കുറിച്ചുള്ള പൊതുബോധ വിസര്‍ജ്യങ്ങളാണ് അതിനടിയിലെ ഓരോ കമന്റും.
അതേസമയം ഉഭയസമ്മതത്തോടെയോ സ്‌നേഹസമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഈ രതിക്രീഡകളില്‍ പുരുഷനാകട്ടെ ലിംഗമൊഴിച്ച് മറ്റെല്ലാം അദൃശ്യനായ ഒരു ക്യാമറാ സാന്നിധ്യവും സ്ത്രീ അവന്റെ കയ്യിലെ 'കൈകാര്യം' ചെയ്യപ്പെടുന്ന 'വസ്തു'വുമാണ്. ഇങ്ങനെ രണ്ടു പേരും ഒരുപോലെ ഭാഗഭാക്കാകുന്ന ഒരു പ്രക്രിയയില്‍പ്പോലും സ്ത്രീ എപ്പോഴും അപഹാസ്യയും നിഷ്‌ക്കാസിതയും ആത്മഹത്യയോളമെത്തുന്ന അപമാന ഭാരത്താല്‍ ഭ്രഷ്ടയുമാക്കപ്പെടുന്നു. ഹ്രസ്വമോ ദീര്‍ഘമോ അല്ലെങ്കില്‍ വെറും ഭ്രമമോ മാത്രമായ ഒരു കൊടുക്കല്‍ വാങ്ങലില്‍ അവള്‍ മാത്രം നിര്‍ദയം ആള്‍ക്കൂട്ട ആക്രമണത്തിനും വ്യക്തിഹത്യക്കും വിധേയമാക്കപ്പെടുന്നു.
advertisement
മൃഗങ്ങളില്‍ വംശവര്‍ധനവിന് വേണ്ടി മാത്രമെങ്കില്‍ മനുഷ്യരില്‍ അതിനൊപ്പം ആനന്ദത്തിനും വേണ്ടിയുള്ള ജൈവീകമായ ഒരു ചോദനയാണ് ലൈംഗികത. ആരോഗ്യത്തിനും ഉന്മേഷത്തിനും ബന്ധങ്ങളുടെ ഇടയഴുപ്പത്തിനും പിരിമുറുക്കമില്ലാത്ത സ്വാസ്ഥ്യമായ സാമൂഹ്യ അന്തരീക്ഷത്തിനും ഉതകേണ്ട ഒരു പ്രക്രിയ മനുഷ്യരുടെ ജീവനെടുക്കുന്ന വിധത്തിലേക്കും ഇത്രയധികം വയലന്‍സിലേക്കും എന്തുകൊണ്ട് അധഃപതിക്കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നാളിതുവരെ കുടുംബവും സമൂഹവും മതങ്ങളും പുരുഷാധിപത്യ മൂല്യങ്ങളും ഉണ്ടാക്കി വച്ച ലൈംഗിക സദാചാര സങ്കല്‍പ്പങ്ങളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ളതാണ് നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഇടപെടലുകള്‍. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ രാഷ്ട്രീയ പ്രതിയോഗിയെ തറപറ്റിക്കാന്‍ ഇവരൊക്ക ഉപയോഗിക്കുന്ന ആയുധം തന്നെ സ്ത്രീയും അവളുടെ ലൈംഗികതയുമാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു റേപ്പ് കള്‍ച്ചറിനെ സാധൂകരിക്കുന്ന അങ്ങേയറ്റം പിന്തിരിപ്പന്‍ മൂല്യബോധമാണ് നമ്മുടെ ഈ ജനപ്രതിനിധികളുടേത് പോലും. പോണ്‍/ സിനിമ ഇന്‍ഡസ്ട്രിയും കൂടിച്ചേരുമ്പോള്‍ ഈ സ്ത്രീവിരുദ്ധത എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമാകുന്നു.
ഈയൊരു സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ചില സുപ്രധാന വിധികളെ നോക്കി കാണേണ്ടത്. ഒരു ആധുനിക സാമൂഹ്യ നിര്‍മ്മിതിക്ക് സ്ത്രീപുരുഷ ബന്ധങ്ങളെ സുതാര്യവും കുറേക്കൂടി ലിംഗ സമത്വത്തിലേക്ക് ഉയര്‍ത്തുന്നതുമായിരുന്നു ആ വിധികള്‍. നിര്‍ഭാഗ്യവശാല്‍ അതൊന്നും മനസിലാക്കാനുള്ള അവബോധമോ ആര്‍ജവമോ നമുക്കില്ലാതെ പോയി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത ഒരു കുറ്റകൃത്യമല്ലാതാകുകയും അതേസമയം 'മാരിറ്റല്‍ റേപ്പ്' (ഭര്‍ത്താവിന് ഭാര്യമേലുള്ള ലൈംഗികതയടക്കമുള്ള ഏത് തരം അധികാര പ്രയോഗവും) ക്രിമിനല്‍ ഒഫന്‍സായി കാണുകയും ചെയ്യുന്ന ഒരിടത്താണ് സ്വന്തം ലൈംഗികതയെ ഇഷ്ടമുള്ള ഒരാളുമായി പങ്കുവച്ചതിന്റെ പേരില്‍ അതേ പങ്കാളിയാല്‍ ഒറ്റുക്കൊടുക്കപ്പെട്ട് അന്തസും അഭിമാനവും തകര്‍ന്ന് ആള്‍ക്കൂട്ടത്താല്‍ വിചാരണ ചെയ്യപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരുവള്‍ക്ക് തൂങ്ങി നില്‍ക്കേണ്ടിവരുന്നത്.
ഇതെന്ത് നീതിയെന്ന് മാത്രം ആരും ചോദിക്കില്ല. കാരണം, നാളിതുവരെ നമ്മള്‍ എത്തിച്ചേര്‍ന്നുവെന്നോ നേടിയെന്നോ അഹങ്കരിക്കുന്ന സിവിലൈസേഷന്‍ എന്നത് സ്ത്രീ ലൈംഗികതയെ അടിച്ചമര്‍ത്തി കെട്ടിപ്പൊക്കിയതാണ്. ആണിന്റെ മാത്രം സവിശേഷ അധികാരമാണ് അവന്റെ ലൈംഗികത എന്നും സ്ത്രീ അവനു ലൈംഗിക സേവ ചെയ്യാനുള്ള വെറും ഉപകരണമാണെന്നും കരുതുന്ന ഇക്കൂട്ടര്‍ക്ക് സ്ത്രീയുടെ തെരഞ്ഞെടുപ്പെന്നും അവകാശമെന്നും പറഞ്ഞാല്‍ എന്ത് തിരിയാന്‍? ഈ 'മെയില്‍ ഗെയ്‌സി' ( ആൺനോട്ടം) നെ മാറ്റിമറിക്കാതെയും സ്ത്രീകള്‍ സ്വന്തം ശരീരത്തിന്റെയും ലൈംഗികതയുടെയും സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും മനസ്സിലാക്കാതെയും നമുക്കിനിയും പരസ്പരം അഭിമുഖീകരിക്കാനോ, വ്യക്തിപരമോ സാമൂഹ്യമോ ആയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ സാധിക്കില്ല.
ഇര തേടലും(ഭക്ഷണം) ഇണചേരലും ഒരു മൗലികാവകാശമാണെന്നും അത് നിയമം മൂലം പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, അത് ആണിനും പെണ്ണിനും ഒരുപോലെയാണെന്നും കര്‍ക്കശമായി പറയേണ്ടതും അത് പ്രയോഗിക്കാന്‍ സഹായിക്കേണ്ടതും സ്റ്റേറ്റ് മെഷിനറിയാണ്. അവിടെ പാരമ്പര്യവാദികളുടെയും ആചാരസംരക്ഷകരുടെയും സ്ത്രീവിരുദ്ധരുടെയും കണ്ണും കാതും നാക്കുമായി സ്റ്റേറ്റ് മെഷിനറി മാറിക്കൂടാ. കാലാകാലങ്ങളായി സമൂഹവും കുടുംബവും മതവും പുരുഷാധികാരവും സ്ത്രീലൈംഗികതയെ അടക്കിയൊതുക്കി നേടിയെടുത്ത സാംസ്‌ക്കാരിക മൂല്യമാണ് നമ്മള്‍ ഇന്നും ആഘോഷപൂര്‍വ്വം കൊണ്ടുനടക്കുന്നത്.
അമ്പതു കഴിഞ്ഞാല്‍ പിന്നെ സ്ത്രീ ഒരു അലൈംഗിക ശരീരം ആയിരിക്കുമെന്നാണ് നമ്മുടെ പൊതുബോധം. സ്വന്തം ശരീരേച്ഛകള്‍ ഒന്നുമില്ലാതെ, വേണമെങ്കില്‍ ഒന്ന് 'ആക്രമിക്ക'പ്പെടാന്‍ മാത്രമുള്ള ഒരു ശരീരവുമായി ജീവിക്കണമെന്ന് ഇവരൊക്കെ ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം കേസുകളിലെ സ്ത്രീകളുടെ പ്രായത്തെച്ചൊല്ലിയുള്ള ഈ അങ്കലാപ്പ്.
വ്യക്തികളുടെ (ബന്ധത്തിന്റെ തലം എന്തുമായിക്കൊള്ളട്ടെ), സ്വകാര്യ ആനന്ദങ്ങളെ, വിശ്വാസത്തെ, സ്‌നേഹത്തെയൊക്കെ ചൂഷണം ചെയ്ത് വിശ്വാസവഞ്ചന ചെയ്യുന്ന ഒരാളുടെ സാമൂഹ്യജീവിതത്തെയും അന്തസിനെയും സ്വസ്ഥതയെയും ഹനിക്കുന്ന ഇത്തരം ക്രിമിനല്‍സിനെതിരെ കുറ്റം ചുമത്തി നടപടിയെടുക്കണം. രണ്ടു വ്യക്തികള്‍ക്കിടയില്‍ മാത്രം നിലനില്‍ക്കേണ്ടിയിരുന്ന ഒരു അനുഭവത്തിന്‍റെ പുറത്ത് ഇരയാകേണ്ടിവരുന്ന വ്യക്തിയും അവരുടെ ഉറ്റവരും കടന്നു പോകേണ്ട ഒരു 'ട്രോമ' ആയി ഇതു മാറിക്കൂട. സ്ത്രീ പുരുഷ സൗഹൃദങ്ങളുടെ സുതാര്യവും സ്വച്ഛവുമായ ഒരു സാമൂഹ്യ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത ആധുനീകത എന്നത് വെറും കിനാവായി മാറുന്ന, ഒരു തരം ലൈംഗിക അരാജകത്വത്തിന്റെ വിളനിലങ്ങളായി നമ്മുടെ ചിന്തയും സാമൂഹ്യബന്ധങ്ങളും ശുഷ്‌ക്കിച്ചു പോകരുത് .
ലൈംഗികതയെ പാപപുണ്യങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വ്യക്തികളുടെയും അധികാരികളുടെയും ഇക്കാര്യത്തിലെ പൊതുമനോഭാവം മാറ്റിവച്ച്, തികച്ചും മനുഷ്യാവകാശത്തിന്റെയും നിയമാവകാശത്തിന്റെയും മാനദണ്ഡംവച്ചുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുകയും കുറ്റകൃത്യം തടയുകയും വേണം. മറിച്ച് ഇരയെ തന്നെ വീണ്ടും വീണ്ടും സാമൂഹ്യഭ്രഷ്ടിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുകയല്ല വേണ്ടത്.
