വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ. മാണിയുടെ ശ്രമം. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. കാപ്പന് രാജ്യസഭാ പദവി നൽകാനാണ് സിപിഎം നീക്കം. ജോസ് കെ മാണി ഉടൻ രാജി വച്ചാൽ ആ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. സിപിഎമ്മിന് ഇനി ലഭിക്കുന്ന രാജ്യസഭാ സീറ്റ് കാപ്പന് നൽകും. ഇതാണ് പ്രാഥമിക ധാരണ.
advertisement
യുഡിഎഫ് നൽകിയ എല്ലാ പദവികളും ജോസ് വിഭാഗം ഒഴിയുമോ എന്നതും പ്രസക്തമാണ്. അങ്ങനെയെങ്കിൽ കോട്ടയം എംപി ആയി യുഡിഎഫ് പാനലിൽ വിജയിച്ച തോമസ് ചാഴിക്കാടനും രാജിവെക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം എന്നതാണ് ജോസ് കെ മാണി എടുത്തിരിക്കുന്ന തീരുമാനം. ഒമ്പത് സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് സിപിഎമ്മിന് മുന്നിൽ വച്ചിരിക്കുന്നത്.
സിപിഐയുമായി ഇക്കാര്യത്തിൽ സിപിഎം ഉഭയകക്ഷി ചർച്ച നടത്തി കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ആഴ്ചകളിൽ ജോസ് ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.