തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാന്‍ ജനിച്ചത്. പ്രദേശത്ത് അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. ഡബ്ലു.എ ക്രിസ്വെല്‍ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്. ജർമൻ സ്വദേശിയായ ഗസാലയെ 1974 ൽ വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ടു മക്കൾ.
advertisement
ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശവാസത്തിനുശേഷം 1983 ല്‍ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച് കേരളത്തില്‍ വരവറിയിച്ചു. ആത്മീയ യാത്രയെന്ന സുവിശേഷ പ്രഘോഷണത്തിനായുളള റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷമായ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
1980 ൽ തിരുവല്ല സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാരാല്‍ രൂപീകൃതമായി ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു.
ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ 2003ൽ ഒരു എപ്പിസ്ക്കോപ്പൽ സഭയായി. നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാന്‍ അഭിഷിക്തനായി. സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. അൽമായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണവും ഉണ്ടായി. തുടര്‍ന്ന് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാൽ ആരോപണങ്ങളുടെ ശക്തി ക്ഷയിക്കാൻ താമസമുണ്ടായില്ല. 2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ 30 ബിഷപ്പുമാരുണ്ട്.
ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്‌സ് ചർച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളേജാണ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ പ്രധാനം. എസ്.എന്‍.ഡി.പി മുന്‍ നേതാവും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്. തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ് കാര്‍മല്‍ ട്രസ്റ്റില്‍ നിന്നും ബിലീവേഴ്‌സ് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷന്‍ ചാനലിനൊപ്പം ( പത്തുവർഷം പ്രവർത്തിച്ച് മൂന്നു വർഷം മുമ്പ് അവസാനിപ്പിച്ചു ) ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഓഹരികളും കെ.പി.യോഹന്നാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും കെ.പി യോഹന്നാന് വന്‍ നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലമാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. ബിലീവേഴ്‌സിന്റെ മാതൃസംഘടനയായ ഗോസ്പല്‍ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസണ്‍ മലയാളത്തില്‍ നിന്നും ബിലീവേഴ്‌സ് വാങ്ങിയ എരുമേലിയ്ക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന നിയമക്കുരുക്കിൽപെട്ട 2263 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കി.
കെ.പി.യോഹന്നാന്റെ കീഴിലുള്ള സംഘടനകള്‍ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകള്‍ സ്വികരിയ്ക്കുന്നുവെന്ന ആരോപണത്തേത്തുടര്‍ന്ന് 2012ൽ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
10 രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ ഒപ്പമുണ്ടന്നാണ് സഭയുടെ അവകാശവാദം