'ഞങ്ങളെ ഒറ്റു കൊടുത്ത് സിപിഎമ്മിന് ഈ ബാങ്ക് പതിച്ചുകൊടുക്കാൻ കരാറെടുത്തവരുണ്ടല്ലോ, അവർ ഒന്നോർത്തോളൂ.. എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്തുതന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന കാര്യം ഓർമിപ്പിക്കുകയാണ്. അതിന് എവിടെ നിന്നാണ് ശൂലം വരികയെന്നൊന്നും ഞാൻ പറയുന്നില്ല. എവിടെ നിന്നും വരാം. അതുകൊണ്ടു തടി വേണോ? ജീവൻ വേണോ? ഈ പ്രശ്ന ത്തിൽ ഇടപെട്ട് ഞങ്ങളുടെ പ്രവർത്തകരെ തൊടാൻ ശ്രമിച്ചാൽ ആ ശ്രമത്തിനു തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട'.- എന്നായിരുന്നു കെ.സുധാകരന്റെ പ്രസംഗം.
advertisement
കോൺഗ്രസ് നേതൃത്വവുമായി കലഹിച്ച് ബാങ്ക് ഭരണ സമിതിയിലേക്ക് സംരക്ഷണ സമിതി രൂപീകരിച്ചു സ്വന്തം സ്ഥാനാർഥികളെ നിർത്തുന്നതുമായി ബന്ധപ്പെട്ടാണ് സുധാകരൻ ഈ ഭീഷണി പ്രസംഗം നടത്തിയത്. കോൺഗ്രസിനെതിരായി മുന്നോട്ടു പോകുന്നവരെ രൂക്ഷമായ ഭാഷയിലാണ്
കെ.സുധാകരൻ വിമർശിച്ചത്.
നവംബർ 16-നാണ് ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നു തന്നെ വോട്ടെണ്ണും. 16-ന് ഭരണസമിതിയുടെ കാലാവധി കഴിയും. 17-ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏറ്റെടുക്കും. കോൺഗ്രസ് പുറത്താക്കിയ ജി .സി പ്രശാന്ത് കുമാറിൻ്റെ നേത്യത്വത്തിലാണ് ഇപ്പോൾ ഭരണം നടക്കുന്നത്. 11 അംഗങ്ങളുള്ള ഭരണ സമിതിയാണിത്.
അതേസമയം, ചേവായൂർ ബാങ്കിനെ വിൽപനച്ചരക്കാക്കി മാറ്റാൻ അനുവദിക്കില്ലെന്നും 'ചേവായൂർ മോഡലു'മായി മുന്നോട്ടു പോകുമെന്നും ബാങ്ക് സംരക്ഷണ സമിതി പറഞ്ഞു. ബാങ്കിന്റെ പ്രവർത്തനമേഖലയിൽ കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾക്കു മുഴുവൻ ജില്ലാ, സംസ്‌ഥാന നേതൃത്വമാണ് ഉത്തര വാദികളെന്നും ആരോപണം ഉന്നയിച്ചു.
കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രസംഗം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂരിലെ അക്രമങ്ങളുടെ ഓർമയിൽ നിന്നാണ് സുധാകര ൻ്റെ വെല്ലുവിളി എന്നാൽ കാലം മാറിയത് അദ്ദേഹം മറക്കരുതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. പരസ്യമായി ഭീഷണി ഉന്നയിച്ച കെ.സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.