അതേസമയം, സെമിനാറിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന തീരുമാനം നാളെ രാവിലെ 11ന് കൊച്ചിയിൽ പറയുമെന്ന് കെ വി തോമസ് അറിയിച്ചു. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്. പാർട്ടി കോൺഗ്രസിലേക്കല്ല സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്‍റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ വി തോമസിന്‍റേത്.കെ വി തോമസിനെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിലെത്തിച്ച് കെ സുധാകരനടക്കം മറുപടി കൊടുക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാൽ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയും.
advertisement
ഇതിനിടെ, കെ വി തോമസിനെ ഉപദേശിച്ച് ചെറിയാൻ ഫിലിപ്പും രംഗത്തെത്തി. സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പിൽ കുടുങ്ങരുതെന്നാണ് ഉപദേശം. ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിപിഎം കെണിയിൽ വീഴരുതെന്ന് കെ വി തോമസിനെ, സിപിഎം ബാന്ധവം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പ് ഉപദേശിച്ചത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നും ചെറിയാൻ ഫിലിപ്പ് മുന്നറിയിപ്പു നൽകി.
''സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ചശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.’' – ചെറിയാൻ ഫിലിപ്പ് കുറിച്ചു.