യുഎഇ കോൺസുൽ ജനറലിൻറെ സെക്രട്ടറി ആയിരുന്നപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമായിരുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം സ്വപ്നയുടെ മൊഴിയോടെ ശരിയായെന്നും സുരേന്ദ്രൻ പറഞ്ഞു. സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞതോടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമായി.
advertisement
ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടപ്പോൾ അതിൽ അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. രാജ്യദ്രോഹികളായ സ്വർണ്ണക്കടത്തുകാരുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും വേണം. കെ,എസ്.ഐ.ടി.ഐ.എൽ എംഡിയായ ജയശങ്കറും സ്പെഷ്യൽ ഓഫീസർ സന്തോഷും സ്വപ്നയെ സഹായിച്ചെന്ന് വ്യക്തമാണ്. ശിവശങ്കരൻ മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കിയതു കൊണ്ടാണ് തനിക്ക് സ്പേസ് പാർക്കിൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചുകൊണ്ടുള്ള വിളി ലഭിച്ചതെന്നും സ്വപ്ന വ്യക്തമാക്കുന്നു.
പി.എസ്.സി നിയമനം തടഞ്ഞ് അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ കൊലയ്ക്ക് കൊടുത്ത മുഖ്യമന്ത്രി കള്ളക്കടത്തുകാരിക്ക് ജോലിയാക്കി കൊടുത്തിരിക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. യൂണിടാക് ബിൽഡേഴ്സിൽ നിന്ന് 1.08 കോടി രൂപ കമ്മീഷനായി കിട്ടിയെന്ന സ്വപ്നയുടെ മൊഴി ലൈഫ് പദ്ധതിയിലെ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണ്ണക്കടത്തിൽ നിർണ്ണായക പങ്കുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമുള്ള ഇ.ഡിയുടെ നിലപാട് ആരോപണം മുഖ്യമന്ത്രിയിലേക്കാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.