Gold Smuggling| ആദ്യ കുറ്റപത്രത്തില്‍ മന്ത്രി കെ.ടി ജലീലും ബിനീഷ് കോടിയേരിയും ഇല്ല; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
- Published by:user_49
Last Updated:
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആദ്യഘട്ട കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്‌നയടക്കം മൂന്നു പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിയ്ക്കുന്നത്. മന്ത്രി കെ.ടി.ജലീല്‍, ബിനീഷ് കോടിയേരി എന്നവരടക്കമുള്ളവര്‍ ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കുറ്റപത്രത്തില്‍ ഇ.ഡി പറയുന്നു.
303 പേജുകളുള്ള ആദ്യഘട്ട കുറ്റപത്രത്തില്‍ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിങ്ങനെ മൂന്നു പ്രതികളാണ്. കള്ളപ്പണം വെളുപ്പിയ്ക്കല്‍ കുറ്റം ഇവര്‍ക്കെതിരായ അന്വേഷണത്തില്‍ തെളിഞ്ഞതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ ഫൈസല്‍ ഫരീദും കേസില്‍ പ്രതിയാണെങ്കിലും കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്തതിനാല്‍ ഇയാള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
advertisement
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയമാക്കിയെങ്കിലും മന്ത്രി കെ.ടി.ജലീല്‍, ബിനീഷ് കോടിയേരി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആദ്യഘട്ട പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജലീലിനും ബിനീഷ് കോടിയേരിയ്ക്കുമെതിരെ ഈ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇ.ഡി.വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ശിവശങ്കറുമായി ബന്ധപ്പെട്ട് അന്വേഷണം തുടരും.
ശിവശങ്കറും സ്വപ്‌നയുമായി വ്യക്തിപരമായ സൗഹൃദത്തിനപ്പുറം സാമ്പത്തികമായ ഇടപാടുകള്‍ നടത്തിയിരുന്നതായി കുറ്റപത്രത്തില്‍ ഇ.ഡി.വ്യക്തമാക്കുന്നു. സ്വപ്‌നയ്ക്ക് ബാങ്ക് ലോക്കര്‍ എടുക്കുന്നതിനായി സഹായം ചെയ്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കി. സാമ്പത്തിക ഇടപാടുകളുമായി ഇരുവരും തമ്മില്‍ ദുരൂഹമായ വാട്‌സ് ആപ്പ് സന്ദേശങ്ങളും കണ്ടെത്തി. സ്വപ്‌നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചായിരുന്നു സന്ദേശങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളില്‍ ശിവശങ്കര്‍ ക്യത്യമായ വിശദീകരണം നല്‍കിയില്ല.
advertisement
ഡിജിറ്റല്‍ തെളിവുകള്‍ സമാഹരിച്ചശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിയ്ക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിയ്ക്കും. കേസിലെ മുഖ്യപത്രി സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിയ്ക്കുന്നതിന് തൊട്ടുമുമ്പായാണ് ഇ.ഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസില്‍ ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് തിടുക്കപ്പെട്ട് ഇ.ഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| ആദ്യ കുറ്റപത്രത്തില്‍ മന്ത്രി കെ.ടി ജലീലും ബിനീഷ് കോടിയേരിയും ഇല്ല; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി