ഇന്നലെയാണ് മണ്ണാര്‍ക്കാട് കോടതി വിദ്യയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടി മഹാരാജ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് വിദ്യയ്ക്കെതിരായ കേസ്.
ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചു ദിവസം ഒളിവിൽ കഴിഞ്ഞതിനു ശേഷമായിരുന്നു അറസ്റ്റ്.
advertisement
വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. കസ്റ്റഡി കാലാവധി കഴിയുന്നതും നാളെയാണ്. ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ഡിവൈഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസിൽ കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.