2016ൽ, കണ്ണൂർ ജില്ലയിലെ കനകമലയിൽ നിന്ന് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന അൻസാർ ഉൾ ഖിലാഫ കേരള (Ansar-ul-Khilafah Kerala) എന്ന സംഘത്തെ എൻഐഎ പിടികൂടിയിരുന്നു. ആറു പേരാണ് അന്ന് എൻഐഎയുടെ വലയിൽ അകപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേരുന്നതിനിടെ ആയിരുന്നു അറസ്റ്റ്. സിദ്ദിഖുൽ അസ്ലമിനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് എൻഐഎ പിടികൂടിയത്. തീവ്രവാദ സംഘടനയിൽ അംഗത്വം നേടിയതും തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകിയതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.
advertisement
കേസിൽ 10 പ്രതികൾക്കെതിരേ എൻഐഎ കുറ്റപത്രം നൽകിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് ആറ് പേർ കുറ്റക്കാരാണെന്ന് 2019 ൽ പ്രത്യേക എൻഐഎ കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കേസിൽ മുഖ്യപ്രതിയായ മാൻസിദ് മുഹമ്മദിന് 14 വർഷം കഠിന തടവാണ് വിധിക്കപ്പെട്ടത്. മറ്റൊരു പ്രതി സാലിഹ് മുഹമ്മദിന് പത്ത് വർഷം തടവും വിധിച്ചു. മറ്റ് പ്രതികളായ റഷീദ്, റംഷാദ്, എൻ കെ സഫ്വാൻ എന്നിവർക്ക് യഥാക്രമം ഏഴും, മൂന്നും, എട്ടും വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. മൊയ്തീൻ പാറക്കടവത്ത് എന്ന പ്രതി മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കണം.
ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ വിമർശിച്ചിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളെ സംബന്ധിച്ചുള്ള വിശദമായ കണക്കുകൾ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചിരുന്നു. 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
13 രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രില്‍ 27ന് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതില്‍ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണുള്ളത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.