ഭൂരിഭാഗം അക്ഷയ സെൻ്ററുകളിലും സ്ത്രീകളാണ് സേവനം നടത്തുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആരംഭത്തോടെയാണ് അക്ഷയയുടെ ഭാവി മാറിയത്. പിന്നീട് ഇങ്ങോട്ട് ലാഭം മാത്രമേ അക്ഷയയിൽ ഉണ്ടായിട്ടുള്ളൂ. 9 കോടിയിലധികം സർട്ടിഫിക്കറ്റുകളാണ് ഇതിനകം ഈ കേന്ദ്രം വിതരണം ചെയ്തത്. 22 വർഷം പിന്നിടുമ്പോൾ ആധാർ, വാഹന ഇൻഷുറൻസ്, റേഷൻ മസ്റ്ററിംഗ്, പെൻഷൻ എന്നിങ്ങനെ അക്ഷയ കേന്ദ്രം ഇടപെടാത്ത പദ്ധതികളില്ല. വില്ലേജ് ഓഫീസുകളിലെ 23 സർട്ടിഫിക്കറ്റുകൾ അക്ഷയ കേന്ദ്രം വഴി സർക്കാർ ലഭ്യമാക്കുന്നുണ്ട്.
advertisement
22 വയസ്സിൽ എത്തിനിൽക്കുന്ന അക്ഷയയുടെ വാർഷികം വിപുലമായ പരിപാടികളോടെ കണ്ണൂരിൽ നടത്തി. ധർമ്മടം ബീച്ചിൽ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഏറ്റവും വേഗത്തിൽ ഇൻ്റർനെറ്റിനെ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളുടെ സേവനങ്ങൾ നൽകാൻ കഴിയുന്ന നോളഡ്ജ് സെൻ്ററുകളായി അക്ഷയ കേന്ദ്രങ്ങളെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന സേവനകേന്ദ്രമായതിനാൽ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സ്പീക്കർ പറഞ്ഞു. എൻ പ്രഭാകരൻ അധ്യക്ഷനായി. ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ കെ ദീപക്, കൺവീനർ എം സതീശൻ, വി സന്തോഷ്, സി അനിൽകുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം സനിൽകുമാർ സ്വാഗതവും കെ നിഖിൽ നന്ദിയും പറഞ്ഞു.
ജില്ലയിലെ 237 ഓളം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും 400-ലധികം ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കുട്ടാപ്പു കതിരൂരും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും, അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.